മന്തി കഴിക്കാന്‍ 40 കിലോമീറ്റര്‍ പോകുന്ന പെണ്‍കുട്ടികള്‍, ടൗണില്‍പ്പോയി പച്ചക്കറി വാങ്ങുന്ന അമ്മാമ്മമാര്‍; നട്ടംതിരിയുന്ന ഓട്ടോക്കാര്‍; ‘പ്രിയദര്‍ശിനി’കാലം വിവരിച്ച് വൈറല്‍ പോസ്റ്റ്
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വലിയൊരു സാമൂഹ്യ, സാമ്പത്തിക വിപ്ലവമാണെന്നാണ് സര്‍ക്കാര്‍ അനുകൂല വൃത്തങ്ങളും ഗ്രൂപ്പുകളും വാദിച്ചിരുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും ഈ പദ്ധതി നല്‍കുമെന്നായിരുന്നു നിരീക്ഷണങ്ങള്‍. പദ്ധതി നടപ്പില്‍ വന്നിട്ട് ഒരു മാസത്തിലേറെയാകുമ്പോള്‍ അത് നാട്ടില്‍ വരുത്തിയിട്ടുള്ള നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
പ്രിയദര്‍ശിനി പദ്ധതി മൂലം വലഞ്ഞ പ്രൈവറ്റ് ബസ് ജീവനക്കാരെക്കുറിച്ചും വരുമാനനഷ്ടത്തെക്കുറിച്ചുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയെങ്കില്‍ അധികമാരും ശ്രദ്ധിക്കാത്ത ചില നാട്ടുമ്പുറത്തെ പ്രിയദര്‍ശിനി വിശേഷങ്ങളെക്കുറിച്ചാണ് ഈ വൈറല്‍ പോസ്റ്റിലെ ചര്‍ച്ച. ടിസി രാജേഷ് സിന്ധു, ബിജു മാത്യു വെമ്പാണി തുടങ്ങിയവരുടെ പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്. 40 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിലേക്ക് പ്രിയദര്‍ശിനി ബസില്‍പ്പോയി മന്തി കഴിക്കുന്ന പെണ്‍മക്കളെക്കുറിച്ചും ടൗണില്‍പ്പോയി വിലക്കുറവില്‍ പച്ചക്കറി വാങ്ങുന്ന അമ്മാമ്മമാരെക്കുറിച്ചും പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. പത്ത് രൂപ റിട്ടേണ്‍ കാശ് കൊടുത്ത് ഓട്ടോയ്ക്ക് പോയിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ പ്രിയദര്‍ശിനി ബസ് കാത്തുനില്‍ക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. വീടിനു പുറത്ത് അധികം സ്ഥലത്തേക്കൊന്നും യാത്ര ചെയ്തിട്ടില്ലാത്ത സ്ത്രീകള്‍ക്ക് ഇപ്പോഴിത് സുവര്‍ണാവസരംകൂടിയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് കൂടുതലും അര്‍ഹതയില്ലാത്തവര്‍ക്കാണെന്ന വിമര്‍ശന കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
വീടിനടുത്തുള്ള കടയില്‍ കിട്ടുന്ന കുഴിമന്തിക്ക് ടേസ്റ്റ് പോരാത്തതുകൊണ്ട് പത്തുനാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിലേക്ക് പ്രിയദര്‍ശനിയില്‍ കയറിപ്പോയി കുഴിമന്തി കഴിച്ചിട്ടുവരുന്ന പെണ്‍മക്കളെപ്പറ്റി കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞതാണ് ഈ കുറിപ്പ് വായിച്ചപ്പോള്‍ ഓര്‍മവന്നത്. വീടിനു പുറത്ത് അധികം സ്ഥലത്തേക്കൊന്നും യാത്ര ചെയ്തിട്ടില്ലാത്ത സ്ത്രീകള്‍ക്ക് ഇപ്പോഴിത് സുവര്‍ണാവസരംകൂടിയാണ്. ബസ്സില്‍ കയറിയിരിക്കുക. ബോര്‍ഡിലെ സ്ഥലം പറഞ്ഞഅ സൗജന്യ ടിക്കറ്റ് വാങ്ങുക, അവിടെപ്പോയശേഷം തിരികെപ്പോരുക. പത്തനംതിട്ടയില്‍ നിന്നു ഗവി വഴി വണ്ടിപ്പെരിയാറിനുള്ള പ്രിയദര്‍ശിനി ബസ്സിലൊക്കെ സൂചികുത്താന്‍ ഇടയില്ലാത്തതിന്റെ കാരണവും വേറൊന്നുമല്ല.
Biju Mathew Vembeny എഴുതിയ ഈ കുറിപ്പ് വായിക്കുക:
ചെറുതോണിക്ക് ഓട്ടം പോയിട്ട് തിരിച്ചു വരുമ്പോള്‍ മിക്കവാറും പാലത്തില്‍ ഇടുക്കിക്ക് പോരുവാനുള്ള ആളുകള്‍ നില്‍പ്പുണ്ടാവും…
പ്രിയദര്‍ശിനി തുടങ്ങിയതില്‍ പിന്നെ ചേച്ചിമാര്‍ ആരും തന്നെ റിട്ടേണ്‍ ഓട്ടോയില്‍ കയറാറില്ല..
ഇന്ന് വന്നപ്പോള്‍ എന്നെ ഓട്ടോ വിളിച്ചോണ്ടിരുന്ന ഒരു അമ്മച്ചി നില്‍പ്പുണ്ട്..
‘പോരുന്നോ…’കിട്ടിയാല്‍ പത്ത്, വെറുതെ ചോദിച്ചു.
‘ഇല്ല.. ഞങ്ങടെ വണ്ടി വരും.’
‘ഓ.. സ്വന്തം ആയിട്ട് വണ്ടിയൊക്കെ ആയല്ലോ അല്ലെ.’കളിയാക്കി ആണ് ഞാന്‍ ചോദിച്ചത്.
‘ആയി.. ആരോടും കണക്ക് പറയണ്ടാണല്ലോ..’
‘ഇപ്പോള്‍ എവിടെ പോയതാ..’
‘തൊടുപുഴ വരെ പോയി..അവിടെ പച്ചക്കറിക്കൊക്കെ ഇവിടുത്തെലും ഒത്തിരി വിലക്കുറവാ.. ഇവിടെ കൊലപാതകം അല്ലെ..രാവിലുത്തെ വണ്ടിക്ക് അങ്ങ് പോയി, സാധനങ്ങള്‍ വാങ്ങി തിരിച്ചു പോന്നു..പിള്ളേര് വാങ്ങിയാല്‍ ഇവിടുന്നെ വാങ്ങു. ഞാന്‍ വെറുതെ ഇരിക്കുവല്ലേ, ഒരാഴ്ചത്തേക്കുള്ളത് വാങ്ങി..’
രണ്ട് ബിഗ്‌ഷോപ്പര്‍ നിറച്ച് സാധനങ്ങള്‍ കാണിച്ചു അമ്മച്ചി.
‘അവള് പണിയില്ലാതെ ഇരിക്കുവാണേല്‍ ഇനി ഞാന്‍ പോകുമ്പോള്‍ പറഞ്ഞു വിട്.. ലാഭമാടാ.. വണ്ടിക്കൂലി വേണ്ടല്ലോ..’
‘കാശ് ഒന്നും തരേണ്ട.. അമ്മച്ചി കയറ്, ഞാന്‍ കൊണ്ടുപോയി വിടാം..’ഞാന്‍ പറഞ്ഞു.
‘വേണ്ടായേ..ഞാന്‍ വന്നോളാം.’ അമ്മച്ചി ബസിനെ ഉള്ളൂ.
‘എടാ.. അടുത്ത ആഴ്ച്ച അര്‍ത്തുങ്കല്‍ പള്ളിയില്‍ പോകുന്നുണ്ട് ഞാന്‍.. അവളോട് പോരുന്നുണ്ടോന്ന് ചോദിക്ക്..’
‘അവളെങ്ങോട്ടും ഇല്ല..’ദേഷ്യത്തോടെ ആണ് ഞാന്‍ പറഞ്ഞത്.
‘വേണ്ടേല്‍ വേണ്ടടാ..’അമ്മച്ചി തിരിച്ചടിച്ചു.
‘പിന്നെ…,ആരോട് ചോദിച്ചാല്‍ അറിയാന്‍ പറ്റും, കട്ടപ്പനയില്‍ നിന്ന് കമ്പം പോകുന്ന വണ്ടി പ്രിയദര്‍ശിനി ആണോന്ന്.. കമ്പത്തു തുണിക്ക് വിലകുറവാണെന്ന് എല്ലാരും പറയുന്നു.’
കേള്‍ക്കാത്ത മട്ടില്‍ വണ്ടി എടുത്തു.
‘എടാ.. ചെറുക്കാ ഉപദേശിക്കുവാന്നു ഓര്‍ക്കരുത്.. ഓട്ടോയും കൊണ്ട് തന്നെ നടക്കാതെ വേറെ പണിയും കൂടി നോക്കിക്കോ..’