ജീവിതത്തിൽ എന്നും ഓർത്തുവെക്കാനുള്ള ഏറ്റവും സുന്ദരമായ ദിവസങ്ങളിൽ ഒന്നാണ് വിവാഹം. ആ സുന്ദര നിമിഷങ്ങളെ എങ്ങനെയെല്ലാം മനോഹരമായി വ്യത്യസ്തമായ രീതിയിൽ ക്യാമറ കണ്ണുകളിലേക്ക് പകർത്താനാകും എന്ന പരീക്ഷണത്തിലാണ് ഇന്ന് ഒട്ടുമിക്ക ന്യൂജൻ വധൂവരന്മാരും. സേവ് ദ ഡേറ്റ് മുതല്‍ കല്യാണശേഷമുള്ള ഔട്ട്‌ഡോര്‍ വീഡിയോകള്‍ വരെ സിനിമാതാരങ്ങളെക്കാൾ നന്നായി അഭിനയിച്ചിവർ തകർക്കും.
അത്തരത്തിൽ വിമാനത്തിനുള്ളിൽവെച്ച് നടത്തിയ ഒരു വിവാഹ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആയുർവേദ ഡോക്ടർമാരായ ലാൽകൃഷ്ണയുടെയും ശ്രുതിയുടെയും വിവാഹചിത്രങ്ങളാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്.
ക്യാമറാമാന്‍മാരായ അമ്പു രമേശും വിമലുമാണ് നവദമ്പതികളുടെ വിമാനത്തിലെ ചിത്രങ്ങള്‍ പകര്‍ത്തിയത്. എഡിറ്റ് ചെയ്ത് മനോഹരമാക്കിയത് വിഷ്ണുവാണ്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ലാല്‍കൃഷ്ണയുടെയും ശ്രുതിയുടെയും വിവാഹം.
കണ്ണൂരാണ് വധുവിന്റെ വീട്. വരന്റെ വീട് പത്തനംതിട്ടയ്ക്കടുത്ത് അടൂരും. ഇവർ കണ്ണൂരിൽ നിന്നും കൊച്ചിവരെ ഫൈ്‌ലറ്റില്‍ പോകാനാണ് തീരുമാനിച്ചത്.വധു വരന്റെ വീട്ടിൽ ചെന്നു കയറുന്ന ചടങ്ങിന്റെ ഫോട്ടോ എടുക്കാൻ ക്യാമറാസംഘവും ഒപ്പം വിമാനത്തിൽ കയറി. അപ്പോഴാണ് വിമാനത്തിൽ വച്ച് ഫോട്ടോ എടുക്കാം എന്ന ആശയം ഫോട്ടോഗ്രാഫറായ അമ്പു രമേഷിന്റെ മനസ്സില്‍ തോന്നിയത്.
വിമാനത്താവളത്തിലെയും യാത്ര ചെയ്യുന്ന ഫ്ലൈറ്റിലെയും ജീവനക്കാരോട് സമ്മതം ചോദിച്ചു. ഏതായാലും വധൂവരന്മാരെ വിവാഹവേഷത്തില്‍ കണ്ടതോടെ ചിത്രങ്ങള്‍ എടുക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ സമ്മതം മൂളി. സഹയാത്രക്കാരും പൂര്‍ണപിന്തുണ നല്‍കി.അനുവദിച്ച സമയത്തിനുള്ളില്‍ മനോഹരമായ രണ്ടുമൂന്ന് ക്ലിക്കുകള്‍.
നവദമ്പതിമാര്‍ക്ക് പ്രത്യേകം ആശംസകള്‍ അനൗണ്‍സ് ചെയ്താണ് കണ്ണൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. വിമാനം ഇറങ്ങിക്കഴിഞ്ഞും കുറച്ചു ചിത്രങ്ങള്‍ എടുത്തു. സുരക്ഷകാരണങ്ങളാല്‍. രണ്ടു ക്ലിക്ക് അത്രയേ പറ്റിയുള്ളൂ. അതില്‍കൂടുതലൊന്നും അവര്‍ക്ക് അനുവദിക്കാന്‍ പറ്റില്ലല്ലോ.
അഞ്ചുവര്‍ഷമായി വെഡ്ഡിങ് ഫോട്ടോഗ്രാഫി രംഗത്തുണ്ട് അമ്പു രമേഷ്. ഇതിനുമുമ്പ് തൃശ്ശൂര്‍ പൂരത്തിനിടയില്‍ അമ്പു രമേശ് പകര്‍ത്തിയ ഇതേ ദമ്പതിമാരുടെ സേവ് ദ ഡേറ്റ് വീഡിയോയും വൈറലായിരുന്നു. പിന്നെ മറ്റൊരു കപ്പിൾസിന്റെ റൗഡി ബേബി ഫോട്ടോസും വൈറലായി.
പന്തളം സുജയ കരിങ്ങാലില്‍ സുധാകരന്റെയും ജയശ്രീയുടെയും മകനാണ് ലാല്‍ കൃഷ്ണ. കണ്ണൂര്‍ തംബുരുവില്‍ രാധാകൃഷ്ണന്റെയും പ്രീതയുടെയും മകളാണ് ശ്രുതി. ആലുവയിലെ ശാന്തിഗിരി ആയുര്‍വേദ മനയിലാണ് ലാല്‍ കൃഷ്ണ ജോലി ചെയ്യുന്നത്. ശ്രുതി ഹൗസ് സര്‍ജന്‍സി കഴിഞ്ഞതേയുള്ളൂ.