കേരളത്തിൽ ഭീതി പടർത്തിയ നിപ്പയുടെ സിനിമാവിഷ്ക്കാരം എന്നതിനേക്കാളേറെ നിപ്പ എന്തെന്നും നിപ്പയെ കേരളം എങ്ങിനെ നേരിട്ടെന്നും പറഞ്ഞു തരുന്ന അനുഭവസാക്ഷ്യമാണ് ‘വൈറസ്’.
മെഡിക്കൽ കോളേജിലെ ഒരു ദിവസം എന്താണെന്ന് കാണിച്ചു തന്നു കൊണ്ട് തുടങ്ങുന്ന ഓപ്പണിങ് സീൻ തൊട്ട് തന്നെ പ്രേക്ഷക പിന്തുണ അനായാസേന നേടിയെടുക്കാൻ സാധിക്കുന്നുണ്ട് സിനിമക്ക്. എത്ര മാത്രം സങ്കീർണ്ണവും ദുഷ്ക്കരവുമായ കേസുകളാണ് ആരോഗ്യ രംഗത്ത് പ്രവർത്തിക്കേണ്ടി വരുന്നവർക്ക് ഒരു ദിവസം നേരിടേണ്ടി വരുന്നതിന്റെ നേർ കാഴ്ചകളിലൂടെയാണ് ടൈറ്റിലുകൾ തെളിയുന്നത്.
ഒരു ജനതയുടെ അതിജീവനത്തിനു വേണ്ടി കൈ കോർത്തവരും അവരുടെ ജീവിതങ്ങളും ചുറ്റുപാടുകളും കുറഞ്ഞ സമയം കൊണ്ട് അനവധി ചെറു കഥാപാത്രങ്ങളിലൂടെ സ്‌ക്രീനിൽ കാണാൻ സാധിക്കുന്നുണ്ട്. രണ്ടര മണിക്കൂർ സിനിമക്കുള്ളിൽ നിന്ന് ഒരു വലിയ മിഷൻ പെട്ടെന്ന് പറഞ്ഞു പോകുക എന്നത് എളുപ്പമല്ല. നിപ്പയുടെ അതിജീവനം ഒരു മെഡിക്കൽ ത്രില്ലർ കണക്കെ അവതരിപ്പിക്കാനുള്ള സാധ്യതകളേക്കാൾ പൊതുജന സമക്ഷം നിപ്പയെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ സിനിമ എത്തിക്കാനാണ് ആഷിഖ് അബു ശ്രമിച്ചിരിക്കുന്നത്.
മെഡിക്കൽ ടേമുകളും മറ്റു വിശദീകരണങ്ങളുമൊക്കെ കൂടിയായി കാര്യ ഗൗരവത്തോടെ തന്നെ നിപ്പ പ്രമേയത്തെ പരിചരിക്കുന്നതിനാൽ ‘വൈറസി’ൽ സിനിമാറ്റിക് എലമെൻറ്സ് പരതേണ്ടതില്ല. അത് കൊണ്ടൊക്കെ തന്നെ സാമാന്യം നല്ല ലാഗ് ഉണ്ടായിരുന്നു സിനിമക്ക്. ഒരു മെഡിക്കൽ സർവൈവൽ സിനിമ എന്നതിനപ്പുറം ത്രില്ലടിപ്പിക്കുന്ന അല്ലെങ്കിൽ പേടിപ്പെടുത്തുന്ന മുഹൂർത്തങ്ങളിൽ കൂടിയല്ലായിരുന്നു സിനിമയുടെ അവതരണം എന്നത് കൊണ്ടും മേൽപ്പറഞ്ഞ ലാഗ് കൊണ്ടും എത്രത്തോളം പ്രേക്ഷകർക്ക് സിനിമയുടെ സെൻസറിഞ്ഞു കൊണ്ട് ഇഷ്ടപ്പെടാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്.
ഒരർത്ഥത്തിൽ ഈ സിനിമയുടെ അവതരണ ശൈലി പോലും ഒരു വിപ്ലവകരമായ പരീക്ഷണമാണ് എന്ന് പറയേണ്ടി വരും. സ്പൂൺ ഫീഡിങ്ങിലൂടെ മാത്രം സങ്കീർണ്ണമായ കാര്യങ്ങളെ വിവരിച്ചു തന്നിരുന്ന ഒരു ശൈലിയിൽ നിന്നും വിദ്യാസമ്പന്നരായ മലയാളി പ്രേക്ഷകർക്ക് ഇതെല്ലാം മനസ്സിലാക്കാൻ സാധിക്കണം എന്ന നിർബന്ധ ബുദ്ധിയോടെയുള്ള അവതരണം ഒരു നല്ല ചുവടുമാറ്റമാണ്. നിപ്പയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും നിരീക്ഷണങ്ങളും കണ്ടു പിടിത്തങ്ങളുമൊക്കെയായി മുന്നേറുന്ന സമയത്തും സിനിമയിൽ വന്നു പോകുന്ന കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്കിലേക്ക് കൊണ്ട് പോകാൻ ഉപയോഗിക്കുന്ന കട്ടുകളും എഡിറ്റിങ്ങുമൊക്കെ ഗംഭീരമായിരുന്നു.
സക്കറിയയിൽ നിന്ന് തുടങ്ങി വക്കുന്ന നിപ്പയെ സക്കറിയ എങ്ങിനെ മറ്റുള്ളവരിലേക്ക് എത്തിച്ചു എന്നതിലേക്കുള്ള അന്വേഷണമൊക്കെ നോക്കൂ, പരസ്പ്പരം അറിയാത്ത, പല ജീവിത സാഹചര്യങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമുള്ള, പല പല കഥാപാത്രങ്ങളെ കൂട്ടിയിണക്കി കൊണ്ട് എത്ര കൃത്യതയോടെ പറഞ്ഞു വക്കുന്നു. അതിലേറെ നിപ്പയെ സക്കറിയക്ക് എങ്ങിനെ കിട്ടുന്നു എന്നതുമായി ബന്ധപ്പെട്ട സീനാണ് ഏറ്റവും കൂടുതൽ ഹൃദ്യമായത് എന്ന് പറയേണ്ടി വരുന്നു. വൈറസ് വാഹകരായ, നിപ്പയുടെ ഉറവിടമുള്ള വവ്വാലുകളെ ഒരിടത്തും ശത്രു പക്ഷത്ത് നിർത്താതെ പ്രകൃതിയോട് ചേർത്ത് വക്കുന്ന മനുഷ്യത്വപരമായ സമീപനത്തെ എത്ര കൈയ്യടിച്ചാലും മതിയാകില്ല.
ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഓരോ നടീനടന്മാർക്കും അവരുടേതായ സ്‌പേസ് സിനിമയിൽ ഉണ്ടായിരുന്നു. ചോക്ലേറ്റ് കഥാപാത്രങ്ങളിൽ ഒതുങ്ങി നിന്നിരുന്ന കുഞ്ചാക്കോ ബോബനെ പോലുള്ള നടന്മാരെ ട്രാഫിക്കിലും ടേക് ഓഫിലുമൊക്കെ ഉപയോഗിച്ചു വിജയിച്ചതിന്റെ തുടർച്ച വൈറസിലും കാണാൻ സാധിക്കും. ശ്രീനാഥ് ഭാസിയും സൗബിനും, ടോവിനോയും , ആസിഫ് അലിയുമൊക്കെ ഇത്തരം സിനിമകളുടെ ഭാഗമാകാൻ കാലം വിധിച്ചവരാണ്. അത്ര മാത്രം പെർഫെക്ട് ആയിരുന്നു അവരുടെ കാസ്റ്റിങ്ങും പ്രകടനവും.
ഇന്ദ്രജിത്തും ഇന്ദ്രൻസും ജോജോയും ഷറഫുദ്ധീനുമൊക്കെ എത്ര അനായാസകരമായാണ് ചെറു റോളുകളെ ഏറ്റെടുത്തു കൊണ്ട് ഒന്നോ രണ്ടോ സീനുകൾ അല്ലെങ്കിൽ രണ്ടും മൂന്നും ഷോട്ടുകൾ കൊണ്ട് പോലും ആ കഥാപാത്രത്തിന് പറഞ്ഞേൽപ്പിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്നത് എന്ന് നോക്കൂ. അതേ സമയം ശൈലജ ടീച്ചറുടെ രൂപ ഭാവത്തിൽ പെർഫെക്ട് എന്ന് തോന്നിച്ച രേവതിക്ക് പക്ഷെ പ്രമീള ടീച്ചർ എന്ന കഥാപാത്രത്തെ എന്ത് കൊണ്ടോ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന് മാത്രവുമല്ല ഏറെ കൈയ്യടി നേടേണ്ടിയിരുന്ന പ്രസംഗമൊക്കെ തീർത്തും നാടകീയമായ ഒരു നന്ദി പറച്ചിലെന്ന പോലെ അനുഭവപ്പെടുത്തിയതിലെ നിരാശ മറച്ചു വെക്കുന്നില്ല.
സിസ്റ്റർ ലിനിയുടെ ജീവത്യാഗവും അവരെഴുതിയ കത്തുമൊക്കെ ഇന്നും മലയാളിയുടെ മനസ്സിൽ ഒരു വലിയ നൊമ്പരമായി തന്നെ നിലനിൽക്കുന്നു എന്നതിനാൽ അഖിലയെന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ റീമക്ക് അധികം സീനിന്റെ പോലും ആവശ്യം വന്നില്ല. പാർവ്വതിയുടെ ഡോക്ടർ അന്നു തന്നെയാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിൽ ലീഡ് ചെയ്തത് എന്ന് പറയാം. എന്തായാലും നിപ്പയെ കേരളം നേരിട്ടതിനു പിന്നിൽ വലിയൊരു ടീം സ്പിരിറ്റ് ഉണ്ട് എന്ന പോലെ തന്നെയാണ് ഈ സിനിമയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ആഷിഖ് അബുവിനും ടീമിനും അക്കാര്യത്തിൽ അഹങ്കരിക്കാം.
നിപ്പയെ അതിജീവിച്ചെങ്കിലും ഒറ്റ കാര്യത്തിൽ മാത്രമാണ് സിനിമ അവസാനിക്കുമ്പോൾ ഒട്ടും സന്തോഷം തോന്നാത്തത്. താൽക്കാലിക ജോലിയായിട്ടു പോലും നിപ്പാ കാലത്ത് കൂലിക്ക് വേണ്ടിയല്ലാതെയും പണിയെടുക്കാൻ തയ്യാറായി വന്നവർക്ക് അവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ പരിഗണിച്ചെങ്കിലും ഒരു സ്ഥിരം ജോലി കൊടുക്കാൻ സർക്കാരിന് സാധിച്ചോ എന്ന ചോദ്യം മനസ്സിൽ ബാക്കിയാക്കി പോകുന്നുണ്ട് ജോജുവിന്റെ കഥാപത്രം.
ആകെ മൊത്തം ടോട്ടൽ = അതിജീവനത്തിന്റെ നേർ കാഴ്ചകളാണ് ‘വൈറസ്’. നിപ്പയെ അതിജീവിക്കാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് പറഞ്ഞ പോലെ ‘വൈറസ്’ എന്ന സിനിമയെ ആസ്വദിക്കാൻ വേണ്ടത് സിനിമാറ്റിക്ക് ചിന്താഗതികളല്ല യാഥാർഥ്യബോധത്തോടെയുള്ള ആസ്വാദന ശൈലിയാണ്. അല്ലാത്തവർക്ക് നിരാശപ്പെടാം, കുറ്റവും പറയാം. പക്ഷേ ഈ സിനിമ ഇങ്ങിനെ അല്ലാതെ എടുത്തിരുന്നെങ്കിൽ അത് വെറും ഒരു ത്രില്ലർ സിനിമ മാത്രമായി ഒതുങ്ങി പോയേനെ. ആഷിഖിനും കൂട്ടർക്കും നിറഞ്ഞ കൈയ്യടികൾ.
Originally published at : https://pravin-sekhar.blogspot.com