വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാതെ പത്ത് മടങ്ങ് വേഗത്തില്‍ മെസഞ്ചറില്‍ വാര്‍ത്തകള്‍ വായിക്കാം,എങ്ങനെയെന്നോ ?

0

വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാതെ തന്നെ വാര്‍ത്തകള്‍ വായിക്കാന്‍ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം  ഫെയ്‌സ്ബുക്ക് മെസഞ്ചറിലും അവതരിപ്പിച്ചു. ഇതുവഴി  വെബ് വാര്‍ത്തകള്‍ പതിവിലും പത്ത് മടങ്ങ് വേഗത്തില്‍ മെസഞ്ചറില്‍ വായിക്കാന്‍ കഴിയുമെന്നാണ് ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്ക് വേണ്ടിയാണ് സംവിധാനം ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുറച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ ഐഒഎസ് ഡിവൈസിലും ലഭ്യമാക്കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.മറ്റുള്ള വെബ്‌സൈറ്റുകള്‍ ലോഡ് ആകുന്നതിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ മെസഞ്ചറില്‍ തന്നെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍സ് കണ്ടന്റുകള്‍ ലോഡ് ആകും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വേഗത കുറഞ്ഞ ഇന്റര്‍നെറ്റിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഈ ഫീച്ചറിന് സാധിക്കും. മെസഞ്ചറില്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകളില്‍നിന്ന് കമ്പനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം മാധ്യമ സ്ഥാപനങ്ങള്‍ക്കും നല്‍കും. ഇതാണ് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിന്റെ പ്രവര്‍ത്തന രീതി.

വളരെ കുറച്ച് മാധ്യമ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കിയാണ് ഫെയ്‌സ്ബുക്ക് ആദ്യമായി ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ അവതരിപ്പിച്ചിരുന്നത്. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിന് വന്‍ സ്വീകാര്യത ലഭിച്ചതോടെ നിരവധി മാധ്യമസ്ഥാപനങ്ങള്‍ ഫെയ്‌സ്ബുക്കുമായി സഹകരിക്കാന്‍ തയ്യാറായി രംഗത്തെത്തി.
ലോകത്തെമ്പാടുമായി മെസഞ്ചറിന് 90 കോടി ഉപയോക്താക്കളുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് കണക്ക്.