“സാത്താൻസ് ഷോട്ട്’ വോഡ്ക, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നൊരു വശപ്പിശക് തോന്നുന്നുണ്ടോ? അധികം ആരും കേള്‍ക്കാത്തൊരു പേരാണിത്. എന്നാല്‍ ഈ പേരാണ് ഇപ്പോള്‍ ഒരുപാട് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും. കാരണം ഇതു കഴിച്ചവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നത് തന്നെ.
പേര് പോലെ സാത്താന് കേറിയതൊന്നുമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന മുളകിന്റെ സത്താണ് വില്ലന്‍. ലോകത്തിലെ ഏറ്റവും വീര്യമുള്ള മുളകിന്റെ സത്ത് ഉപയോഗിച്ചുള്ള വോഡ്ക ആണ് ഈ “സാത്താൻസ് ഷോട്ട്’. ഇംഗ്ലണ്ടിലെ ഫാണ്കോംബ് എന്ന സ്ഥലത്തുള്ള എമ്മ മിറിംഗ്ടണ് എന്ന വനിത നടത്തിയ ആഘോഷത്തിന്റെ ഭാഗമായാണ് ഈ വോഡ്ക വീട്ടിൽ അതിഥികൾക്ക് നല്‍കിയത്. എന്നാൽ, പാർട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയ അതിഥികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. അത് രൂക്ഷമാകാൻ തുടങ്ങിയപ്പോൾ അവർതന്നെ ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. ചിലർക്ക് ബോധക്ഷയം ഉണ്ടാകുകയും ചെയ്തു.
സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചപ്പോൾ പലവിധത്തിലുള്ള പ്രതികരണങ്ങളുമായാണ് ആളുകൾ രംഗത്തെത്തിയത്. സംഭവം ഇപ്പോൾ പോലീസ് അന്വേഷണത്തിലാണ്. ഇവിടെ നടന്ന ഫെസ്റ്റിവലിനിടെ ഒരു സ്റ്റാളിൽ നിന്നുമാണ് താൻ ഇത് വാങ്ങിയതെന്നാണ് എമ്മ പറയുന്നത്. പക്ഷെ തനിക്ക് ഇത്രയും വലിയ ദുരനുഭവം നേരിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. എന്തായാലും വലിയ ദുരന്തത്തിൽ നിന്നും രക്ഷപെട്ടു വരികയാണ് സാത്താൻ വോഡ്ക അകത്താക്കിയവർ.