ഇന്ന് ഒരു ഒഴിവുദിനം. പെട്ടെന്ന്, വളരെപ്പെട്ടെന്നായിരുന്നു സിംഗപ്പൂരിലെ മാക് റിച്ചി റിസർവോയർ (Macritchie Reservoir)പാർക്കിലേക്ക് പോകാമെന്നു തീരുമാനിച്ചത്. ഈ യാത്ര ഞാൻ തനിച്ചാണ്.
സിംഗപ്പൂരിലെ 4 ജലസംഭരണികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജലസംഭരണികളിൽ പ്രധാനപ്പെട്ട ഒരു ജലസംഭരണിയാണ് മാക് റിച്ചി റിസെർവോയർ.പ്രകൃതി സ്നേഹികൾക്കും, പരിശീലനത്തിനുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് സിംഗപ്പൂരിലെ മാക് റിച്ചി റിസെർവോയർ പാർക്ക്. കാൽനടയായി പ്രകൃതിഭംഗി ആസ്വദിച്ച് കൊണ്ട് നടക്കാനും,വ്യായാമത്തിനായും ആളുകൾ ഈ പാർക്കിൽ എത്താറുണ്ട്.
ഉച്ചകഴിഞ്ഞു 2 മണിയായപ്പോഴേക്കും ഞാൻ പാർക്കിൽ എത്തിച്ചേർന്നു.പാർക്കിലേക്ക് പ്രവേശിച്ച എന്നെ എതിരേറ്റത് അതിമനോഹരമായ ഒരു ഉദ്യാനവും, ഉദ്യാനത്തിന്‍റെ അരികിലായുള്ള ഒരു തടാകവുമായിരുന്നു.തടാകത്തിന്റെ മുന്നിലൂടെയുള്ള നടപ്പാതയിലൂടെ കുറച്ചു ദൂരം നടന്നാൽ ചെന്നെത്തുന്നത് മാക് റിച്ചി റിസെർവോയർ പാർക്കിന്റെ വനമേഖലയിലേക്കാണ്.എന്റെ ലക്ഷ്യം വനത്തിനുള്ളിലെ ട്രീ ടോപ് വൊക്കായിരുന്നു. തടാകത്തിനരികിലൂടെ വനമേഖല ലക്ഷ്യമാക്കി ഞാൻ നടന്നു.
സ്വദേശികൾക്കും,വിദേശികൾക്കും ഈ സ്ഥലം അത്ര സുപരിചിതമല്ല.മാക് റിച്ചിയിലെ മുഘ്യ ആകർഷണം അവിടുത്തെ ട്രീ ടോപ്പ് വോക്ക് തന്നെയാണ്! . ട്രീ ടോപ്പ് വോക്കിൽ എത്തിച്ചേരാൻ പാർക്കിലെ മുഖ്യകവാടത്തിൽ നിന്നും 5 കിലോമീറ്റർ നടക്കേണ്ടതുണ്ട്. ഈ നടത്തം കാട്ടിലൂടെയാണ്. ഏകദേശം ഒന്നര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെയെടുക്കും ട്രീ ടോപ്പിൽ എത്തിച്ചേരാൻ.
വനമേഖല തുടങ്ങുന്നിടത്തു ഒരു ബോർഡ് കാണാം. ട്രീ ടോപ്പ് വോക്കിലേക്കുള്ള ദൂരം 5 കിലോമീറ്റർ എന്ന്.ഞാൻ കാൽനട ആരംഭിച്ചു.വളരെ വിജനമായ മൺപാതയിലൂടെയാണ് നടക്കേണ്ടത്. ഒരൊറ്റ മനുഷ്യനെപ്പോലെ കണികാണാനില്ല. എങ്ങും നിശബ്ദത മാത്രം. ഒറ്റവാക്കിൽ പറഞ്ഞാൽ ശാന്തസുന്ദരം!
അരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഒന്നോ രണ്ടോ പേർ വ്യായാമത്തിനായി ഓടുന്നത് കണ്ടു. അവർ പിന്നിട്ടപ്പോഴേക്കും കുറച്ചു മുന്നിലായി ഒരാൾ നടക്കുന്നത് കണ്ടു.അതൊരു ചൈനീസ് അപ്പൂപ്പൻ ആയിരുന്നു. എന്നെ കണ്ടപ്പോൾ ട്രീ ടോപ്പിലേക്കുള്ള വഴി ഇതുതന്നെയാണോ എന്നൊരു ചോദ്യം, കൂടെ മൊബൈൽ എടുത്തു ട്രീ ടോപ് വോക്കിന്റെ ഒരു ഫോട്ടോയും കാണിച്ചു.അതെ വഴി ഇതു തന്നെ. ഞാനും അങ്ങോട്ടാ!അപ്പൂപ്പന് സന്തോഷമായി.വളരെ പതുക്കെയാണ് അപ്പൂപ്പന്റെ നടത്തം. അക്കൂടെ നടന്നാൽ ട്രീ ടോപ്പിലെത്താൻ വൈകുമെന്നതിനാൽ അപ്പൂപ്പനോട് യാത്ര പറഞ്ഞു ഞാൻ എന്റെ കാൽനട ദ്രുതഗതിയിലാക്കി.
എന്റെ ആദ്യവനയാത്ര ആയിരുന്നു ഇത്.അതും ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സിംഗപ്പൂരിൽ.സിംഗപ്പൂരിൽ എത്തുന്ന സഞ്ചാരികൾ ഇങ്ങനെയൊരു സ്ഥലത്തു എത്തിപ്പെടാറില്ല എന്നതാണ് സത്യം.
കുറച്ചു ദൂരം കൂടി പിന്നിട്ടതോടെ ഇടുങ്ങിയ മൺപാതയിലൂടെയായി യാത്ര. മുന്നിലോ പിന്നിലോ ആരും തന്നെ ഇല്ല.എങ്കിലും കാടിന്റെ ഭംഗി ഞാൻ ആസ്വദിച്ചു കൊണ്ട് നടന്നു. നല്ല സ്ഥലങ്ങൾ കണ്ടപ്പോൾ എന്റെ ക്യാമറക്കണ്ണുകൾ അതെല്ലാം പകർത്തിയെടുത്തു.
എന്റെ കാലൊച്ച കേട്ടിട്ടാവണം ഇഴജന്തുക്കൾ ഓടിമറയുന്നതുപോലെ എനിക്ക് തോന്നി. എനിക്ക് പരിഭ്രാന്തി വർദ്ധിച്ചു. ഏതെങ്കിലും വന്യജീവികൾ മുന്നിൽ വന്നുപെട്ടാൽ നമ്മുടെ കാര്യം തീർന്നതു തന്നെ.നടന്നു നടന്നു ഞാൻ ക്ഷീണിച്ചു. അടുത്തെങ്ങും കുരങ്ങന്മാരോ വല്ല ജീവികളോ ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട് കയ്യിലുമുണ്ടായിരുന്ന വെള്ളം കുടിക്കാൻ നിന്നു.
അപ്പോഴേക്കും ഞാൻ 4 കിലോമീറ്റർ നടത്തം പിന്നിട്ടിരുന്നു.ഇനിയും ഒരു കിലോമീറ്റർ നടക്കാനുണ്ട്. ട്രീ ടോപ്പിലേക്കുള്ള വഴി, ദൂരം എന്നിങ്ങനെ ഓരോ അരകിലോമീറ്റർ കൂടുമ്പോഴും കാണാനാകും. അതുകൊണ്ടു തന്നെ ട്രീ ടോപ്പിൽ എത്തിച്ചേരാൻ ആർക്കും വഴി തെറ്റില്ല.
ചെറിയ ചങ്കിടിപ്പോടെ ഞാൻ യാത്ര തുടർന്നു. ഒന്നോ രണ്ടോ കിലോമീറ്ററുകൾ പിന്നിടുമ്പോൾ യാത്രക്കാർക്കായി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. പക്ഷെ അവിടെ ഇരുന്നു സമയം കളഞ്ഞാൽ ട്രീ ടോപ്പിൽ എത്താൻ പിന്നെയും സമയം എടുക്കും. സമയം കളയാതെ യാത്ര തുടരാനായിരുന്നു എന്റെ തീരുമാനം.
ട്രീ ടോപ്പിലേക്കുള്ള നടത്തം അവിസ്മരണീയമായിരുന്നു. കിളികളുടെ കളകൂജനം മാത്രമാണ് കൂട്ടിന്. നടത്തത്തിനിടെ മനോഹരമായ സസ്യങ്ങളും, പൂക്കളും അങ്ങിങ്ങായി കുരങ്ങന്മാരെയും കാണാൻ സാധിക്കും. ചെറിയ ഇടവഴികളും, കയറ്റിറക്കവും, കുത്തനെയുള്ള പടവുകളും പിന്നിട്ടാണ് ട്രീ ടോപ്പ് വോക്കിൽ എത്തിച്ചേരുന്നത്.ശാന്തസുന്ദരമായ ഇടവഴികളൂടെ നടന്നു അവിടെയെത്തുമ്പോൾ കാത്തിരിക്കുന്ന കാഴ്ച അവർണനീയമാണ്.
അണ്ണാൻ, കുരങ്ങുകൾ, ഭീമാകാരമായ പല്ലികൾ, ചില പാമ്പുകൾ ഇങ്ങനെ ചിലതെല്ലാം ഞാൻ നടത്തത്തിനിടെ കണ്ടു. അവർ സാധാരണഗതിയിൽ ഓടിപ്പോകും, പേടിക്കേണ്ട കാര്യമില്ല.കുരങ്ങുകൾക്കു ഭക്ഷണം കൊടുക്കരുത് എന്നിങ്ങനെ എഴുതി വെച്ചിട്ടുണ്ട്. ഭക്ഷണം കൊടുത്താൽ വീണ്ടും കിട്ടാനായി കുരങ്ങുകൾ അക്രമിക്കാനിടയുള്ളതിലാണിത്.
മൺപാതയിലൂടെയുള്ള നീണ്ടനടത്തത്തിനൊടുവിൽ ചെന്നെത്തുന്നത് കുത്തനെയുള്ള പടവുകളിലേക്കായിരുന്നു. അവിടെ നിന്നും അധികദൂരമില്ല ട്രീ ടോപ്പിൽ എത്തി ചേരാൻ. പടവുകളെല്ലാം മഞ്ഞ നിറത്തിൽ മനോഹരമായി പെയിന്റ് ചെയ്തു സൂക്ഷിച്ചിരിക്കുന്നു.
കുറച്ചു നേരം ഞാൻ പടവുകളിൽ ഇരുന്നു വിശ്രമിച്ചു.ഇനിയും 500 മീറ്റർ കൂടി നടക്കേണ്ടതുണ്ട് ട്രീ ടോപ്പിൽ എത്തിച്ചേരാൻ.സമയം 4 മണി കഴിഞ്ഞിരുന്നു. 5 മണിക്ക് ട്രീ ടോപ്പ് വാതിൽ അടക്കും. ചെറിയ വിശ്രമത്തിനുശേഷം ഞാൻ ട്രീ ടോപ്പ് ലക്ഷ്യമാക്കി നടന്നു.
ട്രീ ടോപ്പ് പാലത്തിലേക്ക് പ്രവേശിക്കാനുള്ള ഇടുങ്ങിയ വഴി ഞാൻ കണ്ടു.ട്രീ ടോപ്പ് എന്ന് വലിയൊരു ബോർഡിൽ എഴുതിയിട്ടുണ്ട്. പാലത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ ഒരു സെക്യൂരിറ്റി ഇരിപ്പുണ്ടായിരുന്നു. വെൽക്കം ടു ട്രീ ടോപ്പ് വോക് എന്ന് പറഞ്ഞു കൊണ്ട് ആ സെക്യൂരിറ്റി എന്നെ സ്വാഗതം ചെയ്തു.
ഞാൻ വലതുകാൽ വെച്ച് കൊണ്ട് മനോഹരമായ ആ പാലത്തിലേക്ക് പ്രവേശിച്ചു. മൂന്നോ നാലോ ആളുകൾ പാലത്തിൽ ഉണ്ടായിരുന്നു.പാലത്തിലൂടെ നടക്കുമ്പോൾ പാലം ചെറുതായി കുലുങ്ങും . വളരെ ഇടുങ്ങിയ പാലമാണ് എങ്കിലും അതങ്ങു നീണ്ടു നിവർന്നു കിടക്കുന്നു.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് കാട്ടിനുള്ളിൽ മനോഹരമായ ഒരു പാലം. നടന്നു അവശരായി അവിടെയെത്തിച്ചേരുന്ന ഏതൊരു സഞ്ചാരിയും അവിടുത്തെ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നുപോകും. അത്രയ്ക്ക് മനോഹരമാണ്.ഇത് സിംഗപ്പൂർ തന്നെയാണോ എന്നൊന്ന് സംശയിച്ചു പോകും ആ പാലത്തിൽ നിൽക്കുമ്പോൾ.
വനമേഖലയിൽ നിന്നും ഏതാണ്ട് 25 മീറ്റർ ഉയരത്തിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ഈ നടപ്പാതയുടെ അകെ ദൈർഘ്യം 250 മീറ്ററാണ്. വനത്തിലൂടെ 5 കിലോമീറ്റർ താണ്ടിയാണ് ട്രീ ടോപ്പ് വോക്കിൽ എത്തിച്ചേരുന്നത് 7 മുതൽ 10 കിലോമീറ്റർ വരെയെടുക്കും ട്രീ ടോപ്പിൽ പോയി തിരിച്ചെത്താൻ.ഇവിടേയ്ക്ക് പോകുന്ന സഞ്ചാരികൾ 3 മുതൽ 5 മണിക്കൂർ വരെ നീക്കിവെക്കേണ്ടതുണ്ട് വനത്തിലൂടെയുള്ള ഈ നീണ്ട പദയാത്ര നടത്താനായി!. പക്ഷേ സിംഗപ്പൂരിലെ ഈ വനത്തിലൂടെയുള്ള യാത്രയും ട്രീ ടോപ്പ് വോക്കിലൂടെയുള്ള നടത്തവും ഏതൊരു സഞ്ചാരിയെയും ഏറെ മോഹിപ്പിക്കുന്നതാണ്. നടന്നു ക്ഷീണിച്ചിരുന്നെങ്കിലും ട്രീ ടോപ്പിൽ നിന്നുള്ള കാഴ്ചകൾ മനസ്സിന് ഒരു പുത്തൻ ഉണർവ് നേടിത്തന്നു.അവിടെ നിന്ന് കൊണ്ട് ഞാൻ പ്രകൃതിയെ പ്രണയിച്ചു!
പാലത്തിൽ നിന്ന് അവിടുത്തെ മനോഹരമായ ഭൂപ്രകൃതി ആസ്വദിച്ചും, ഫോട്ടോകൾ എടുത്തും സമയം പോയതറിഞ്ഞില്ല. പാലത്തിലേക്കുള്ള ഗേറ്റ് അടക്കുന്നതിന്റെ സൂചകമായി സെക്യൂരിറ്റി മണിമുഴക്കി. സമയം 5 ആയിരിക്കുന്നു.പാലത്തിൽ നിന്നിറങ്ങി കുത്തനെയുള്ള പടവുകൾ ഇറങ്ങി ഞാൻ പാർക്കിലെ മെയിൻ ഗേറ്റ് ലക്ഷ്യമാക്കി നടന്നു.
രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെയാണ് ട്രീ ടോപ്പ് വോക്ക് സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുന്നത്. ട്രീ ടോപ്പ് വോക്കിലേക്കു പോകാൻ ആഗ്രഹിക്കുന്ന യാത്രികർ ഷൂ ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടെ കുടിക്കാൻ വെള്ളം നിർബന്ധമായും കരുതണം.