കൊടും വരള്‍ച്ചയില്‍ വരണ്ടുണങ്ങിയ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ ആണ് ഈ ആധുനിക യുഗത്തില്‍ കുടിവെള്ളം ലഭിക്കാതെ വലയാന്‍ പോകുന്ന ആദ്യ സുപ്രധാന നഗരം. ഭൂമിയുടെ 70 ശതമാനവും ജലത്താല്‍ ചുറ്റപ്പെട്ടതാണെങ്കിലും ശുദ്ധജലത്തിന്റെ അളവ് 3 % മാത്രമായി ചുരുങ്ങിയിരിക്കുന്നു. യു എന്‍ കണക്കുകള്‍ പ്രകാരം 2030 ആകുമ്പോഴേക്കും ജലത്തിനുള്ള ആവശ്യകത വിതരണത്തേക്കാള്‍ 40% കണ്ട് വര്‍ധിക്കും. കാലാവസ്ഥാ വ്യതിയാനം, മനുഷ്യന്‍ വിതയ്ക്കുന്ന നാശങ്ങള്‍, ജനപ്പെരുപ്പം ഇവയെല്ലാം ഇതിന് ആക്കം കൂട്ടുകയും ചെയ്യും. കേപ് ടൗണ്‍ ഈ ദുരന്തം ഏറ്റുവാങ്ങാനിരിക്കുന്ന നഗരങ്ങളില്‍ ഒന്നു മാത്രം.
1. സാവോ പോളോ
ബ്രസീലിന്റെ സാമ്പത്തിക തലസ്ഥാനവും ലോകത്തെ ജാനസാന്ദ്രതയേറിയ 10 നഗരങ്ങളില്‍ ഒന്നുമായ സാവോ പോളോയും കേപ് ടൗണിന്റെ പാതയില്‍ തന്നെയാണ്. ജലക്കൊള്ള ഭയന്ന് കുടി വെള്ളം പൊലീസ് അകമ്പടിയോടു കൂടിയാണ് ഇവിടങ്ങളില്‍ വിതരണം ചെയ്യുന്നത്. 2014-നും 2017-ലും ഉണ്ടായ കഠിനമായ വരള്‍ച്ചയാണ് ഇതിന് കാരണമെന്ന് സര്‍ക്കാര്‍ കൈകഴുകുമ്പോള്‍ സാവോ പോളോയിലെ യു എന്‍ ദൗത്യ സംഘം പറയുന്നത് “കൃത്യമായ ആസൂത്രണത്തിന്റെയും മുതല്‍മുടക്കിന്റെയും അഭാവം കൊണ്ടാണ്” ഇത് സംഭവിച്ചതെന്നാണ്.
2. ബംഗലൂരു
ആസൂത്രണമില്ലാത്ത വികസനം തന്നെയാണ് ബംഗലൂരുവിന്റെയും കുടിവെള്ളം മുട്ടിക്കാന്‍ പോകുന്നത്. നഗരത്തിലെ കുടിവെള്ളത്തില്‍ പകുതിയും പാഴായിപ്പോകുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. ചൈനയെപ്പോലെ തന്നെ ഇന്ത്യയും ജലമലിനീകരണം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ബംഗലൂരില്‍ സ്ഥിതി അതി ദയനീയമാകാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ തടാകങ്ങളിലെ 85 % ജലവും ജലസേചനത്തിനും ഇന്‍ഡസ്ട്രിയല്‍ കൂളിങ്ങിനും ഉപയോഗിക്കാനേ കഴിയുകയുള്ളൂവെന്നും കണ്ടെത്തല്‍. നഗരത്തിലെ ഒരു തടാകത്തിലെ വെള്ളം പോലും കുടിക്കാനോ കുളിക്കാനോ അനുയോജ്യവുമല്ല.
3. ബീജിങ്
ഒരു വ്യക്തി 1000 ക്യുബിക് മീറ്ററില്‍ കുറവ് ശുദ്ധ ജലം ലഭിക്കുന്ന ഇടത്തെയാണ് ജലദൗര്‍ലഭ്യമുള്ള ഇടമായി ലോക ബാങ്ക് കണക്കാക്കിയിരിക്കുന്നത്. 2014-ല്‍ ബീജിങ്ങിലെ രണ്ടു കോടിയിലധികം ജനങ്ങള്‍ക്ക് ലഭിച്ചത് 145 ക്യുബിക് മീറ്റര്‍ ജലം മാത്രമായിരുന്നു. ലോക ജനസംഖ്യയുടെ 20%-ത്തിലധികം ചൈനയിലാണെങ്കിലും ശുദ്ധജല ലഭ്യത 7% മാത്രം. ബീജിങ്ങിലെ 40%-ത്തിലധികം ഉപരിതല ജലം കൃഷിക്കോ വ്യവസായത്തിനോ പോലും ഉപയോഗിക്കാന്‍ കഴിയാത്ത വിധം മലിനമായെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ പറയുന്നത്.
4. കെയ്‌റോ
ഒരു മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമായ നൈല്‍ നദി വറ്റി വരളുകയാണ്. ഈജിപ്തിലേക്കുള്ള 97% ജലവും നൈല്‍ നദിയെ ആശ്രയിച്ചാണ്. മാലിന്യം തന്നെയാണ് ഈ നദിക്കും ഭീഷണിയായിരിക്കുന്നത്. ജലമലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളൂടെ എണ്ണത്തില്‍ ഈജിപ്തിന്റെ സ്ഥാനം വളരെ ഉയര്‍ന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. 2025 ആകുമ്പോഴേക്കും ഇവിടെ ജലദൗര്‍ലഭ്യം ഗുരുതരമാകുമെന്ന് യു എന്‍ കണക്കാക്കുന്നു.
5. ജക്കാര്‍ത്ത
കടല്‍ നിരപ്പ് ഉയരുന്നതാണ് എല്ലാ തീരദേശ നഗരങ്ങളേയും പോലെ ഈ ഇന്തോനേഷ്യന്‍ തലസ്ഥാനത്തിനും ഭീഷണിയാകുന്നത്. അനധികൃത കിണര്‍നിര്‍മ്മാണവും ജലമൂറ്റലും നിമിത്തം ജക്കാര്‍ത്തയുടെ ഏതാണ്ട് 40%-വും ലോകബാങ്കിന്റെ കണക്കുകളില്‍ ഇപ്പോള്‍ കടല്‍ നിരപ്പിന് താഴെയാണ്. കോണ്‍ക്രീറ്റ് കാടുകള്‍ നിറഞ്ഞതിനാല്‍ കനത്ത മഴ ലഭിച്ചിട്ടും ഭൂഗര്‍ഭ ജല നിരപ്പ് ഉയരാത്തതും ജലദൗര്‍ലഭ്യത്തിന് ആക്കം കൂട്ടുന്നു.
6. മോസ്‌കോ
ലോകത്തെ ശുദ്ധജല സംഭരണികളില്‍ നാലിലൊന്നും റഷ്യയിലാണ്. പക്ഷേ സോവിയറ്റ് യുഗത്തിലെ വ്യാവസായിക മലിനീകരണം രാജ്യത്തെ ഇപ്പോഴും വേട്ടയാടുകയാണ്. ഇത് കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നത് ഉപരിതല ജലത്തെ 70% ആശ്രയിക്കുന്ന മോസ്‌കോ നഗരത്തെയാണ്.
7. ഇസ്താംബുള്‍
തുര്‍ക്കിഷ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പ്രതിശീര്‍ഷ കുടിവെള്ള വിതരണം 1700 ക്യുബിക് മീറ്ററില്‍ താഴ്ന്ന 2016-ല്‍ തന്നെ നഗരം കുടിവെള്ള ക്ഷാമത്തിലാണ്. ഇസ്താംബുള്‍ പോലെയുള്ള ജനനിബിഡമായ പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത്ടിറ്റിവെള്ള ക്ഷാമം രൂക്ഷമാണ്. ജലസംഭരണികളുടെ ശേഷി 2014 മുതല്‍ക്കേ വേണ്ടതിലും 30 % കുറവാണ്.
8. മെക്‌സിക്കോ നഗരം
ഈ മെക്‌സിക്കന്‍ തലസ്ഥാന നഗരത്തില്‍ ജലദൗര്‍ലഭ്യം പുതുമയല്ല. അഞ്ചിലൊരാള്‍ക്ക് ആഴ്ചയില്‍ ചില മണിക്കൂറുകളും മറ്റൊരു 20%-ത്തിന് ഒരു ദിവസത്തില്‍ അല്‍പ നേരവുമാണ് കുടിവെള്ളം ലഭിക്കുന്നത്. വിദൂര സ്രോതസ്സുകളില്‍ നിന്ന് ഈ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പെപ്പ് ശൃംഖലയിലെ തകരാര്‍ മൂലവും 40%-ത്തിലധികം ജലം നഷ്ടമാകുന്നുണ്ടെന്ന് കണക്കുകള്‍.
9. ലണ്ടന്‍
ലണ്ടനിലും കുടിവെള്ള ക്ഷാമമോ എന്ന് അത്ഭുതം കൂറുന്നവരുണ്ടാകും. പക്ഷേ അതൊരു യാഥാര്‍ത്ഥ്യമാണ്. ലണ്ടന്‍ 80% ജലത്തിനും ആശ്രയിക്കുന്നത് നദികളെയാണ്. ഗ്രേറ്റര്‍ ലണ്ടര്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2025 ആകുമ്പോഴേക്കും കുടിവെള്ള വിതരണത്തില്‍ കുറവുണ്ടാകുമെന്നും 2040 ആകുമ്പോഴേക്കും അത് രൂക്ഷമാകുമെന്നും പറയുന്നു.
10. ടോക്കിയോ
മഴക്കുറവും മലിനീകരണവും തന്നെയാണ് ഈ നഗരത്തെയും അലട്ടുന്നത്. മൂന്നു കോടിയിലധികം ജനസംഖ്യയുള്ള നഗരം 70% ഉപരിതല ജലത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. ജലച്ചോര്‍ച്ച 3% ആക്കി കുറയ്ക്കാന്‍ ഈയടുത്ത കാലത്ത് പൈപ്പ്‌ലൈന്‍ അടിസ്ഥാന സൗകര്യങളില്‍ നഗരം നിക്ഷേപം നടത്തുകയുമുണ്ടായി.
11. മിയാമി
എല്ലാ വര്‍ഷം മഴക്കെടുതി അനുഭവിക്കുന്ന അഞ്ച് യു എസ് സംസ്ഥാനങ്ങളിലൊന്നാണ് ഫ്‌ളോറിഡ. എങ്കിലും മിയാമിയില്‍ ജലക്ഷാമം രൂക്ഷമാകുകയാണ്. പഴഞ്ചന്‍ ജലവിതരണ സംവിധാനവും കടല്‍ നിരപ്പ് ഉയര്‍ന്നതും ഭൂഗര്‍ഭ ജലത്തില്‍ ഉപ്പു വെള്ളം കലരുന്നതുമെല്ലാം കുടിവെള്ള ക്ഷാമം കനത്തതാക്കുന്നു.