പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും
ക്വലാലംപുർ: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനെത്തുടർന്ന് ഗർഭനിരോധന ഉറകളുടെ വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഗർഭനിരോധന ഉറ അടക്കമുള്ള ഉത്പന്നങ്ങൾ ഉടൻതന്നെ കൂടുതൽ ചെലവേറിയതാകുമെന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളായ കാരെക്‌സിന്റെ സിഇഒ ഗോ മിയ കിയാറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കമ്പനി 20% മുതൽ 30% വരെ വില വർധിപ്പിക്കാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനും യു എസും ഇസ്രയേലും തമ്മിലുള്ള സംഘർഷം കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള പ്രധാന കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇത് ഗർഭനിരോധന ഉറകളുടെ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ ബാധിക്കുന്നുണ്ട്. ഗർഭനിരോധന ഉറകളുടെ നിർമാണത്തിനും അവ പാക്ക് ചെയ്യുന്നതിനും ആവശ്യമായ നാഫ്ത, സിലിക്കൺ ഓയിൽ, അമോണിയ തുടങ്ങിയ പെട്രോകെമിക്കൽ വസ്തുക്കളുടെ ക്ഷാമം വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. ഏഷ്യയിലെ പെട്രോകെമിക്കൽ വിതരണത്തിന്റെ വലിയൊരു ഭാഗവും മിഡിൽ ഈസ്റ്റിൽ നിന്നായതിനാൽ ഈ മേഖലയിലെ സംഘർഷം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കപ്പലുകൾ എത്താൻ വൈകുന്നതിനാൽ വലിയ അളവിൽ ഉത്പന്നങ്ങൾ കടലിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഗോ മിയ കിയാറ്റ് വ്യക്തമാക്കി. നിലവിലെ സ്റ്റോക്ക് ഏതാനും മാസങ്ങൾ കൂടി മാത്രമേ നിലനിൽക്കുകയുള്ളൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരെക്‌സ് കമ്പനി വിവിധ ബ്രാൻഡുകളിലായി പ്രതിവർഷം അഞ്ഞൂറ് കോടിയിലധികം കോണ്ടങ്ങൾ നിർമിക്കുകയും 130-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ അത് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയല്ലാതെ തങ്ങൾക്ക് മറ്റ് വഴികളില്ലെന്നാണ് കമ്പനിയുടെ നിലപാട്.