മുംബൈ: ലേഡീസ് കോച്ചിന്‍റെ ലോഗോ മാറ്റി വെസ്റ്റേണ്‍ റെയില്‍വേ. നേരത്തേയുള്ള ലോഗോ സാരിയുടെ ഒരു തുമ്പെടുത്ത് തലയിലൂടെ ഇട്ട ഒരു സ്ത്രീയായിരുന്നു.എന്നാല്‍, പുതിയ ലോഗോ . കോട്ട് ധരിച്ച്, മുടിയഴിച്ചിട്ട് കൈകെട്ടി നില്‍ക്കുന്ന പ്രൊഫഷണലായ ഒരു സ്ത്രീയുടേതാണ്.
റെയില്‍വേയിലും മാറുന്ന സാമൂഹിക ജീവിതത്തിന്‍റെ പ്രതിഫലനം കൊണ്ടുവരണമെ ഉദ്ദേശ ലക്ഷ്യത്തോടെ യാണ് ലോഗോയിലെ പുതിയ മാറ്റം എന്നാണ് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എ കെ ഗുപ്ത പറയുന്നത്. നിലവില്‍ 12 കോച്ചുകള്‍ക്ക് മാറ്റം വരുത്തിക്കഴിഞ്ഞു. ശേഷിക്കുന്നവ കൂടി ഉടന്‍ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാരിയിലുള്ള സ്ത്രീ ഇന്നത്തെ സ്ത്രീകളെ കൃത്യമായി കാണിക്കാന്‍ അപര്യാപ്തമാണ് എന്ന ചിന്താഗതിയിലാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
‘മാറുന്ന കാലത്തോടൊപ്പം നില്‍ക്കേണ്ടതിനാല്‍ വെസ്റ്റേണ്‍ റെയില്‍വേ ലേഡീസ് കോച്ചുകളുടെ ലോഗോ പരിഷ്കരിക്കുകയാണ്. ലോഗോയിലെ മാറ്റത്തിനുമപ്പുറം പ്രചോദനമാവുന്ന സ്ത്രീകളുടെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ തുടങ്ങിയവയും ലേഡീസ് കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കു’മെന്ന് വെസ്റ്റേണ്‍ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു. ലോഗോ മാറ്റുന്നതോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടങ്ങളായി കോച്ചുകളും, റെയില്‍വേ സ്റ്റേഷനുകളും മാറ്റണമെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.
പഴയ ലോഗോ ചെറുതായിരുന്നുവെങ്കില്‍ ഇത് വലിപ്പം കൂടിയതാണ്. അതിനാല്‍ തന്നെ ജനറല്‍ കംപാര്‍ട്ട്മെന്‍റാണെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയും കുറയും. ഏതായാലും വെസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ മാറ്റം ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.