അനുവാദം ചോദിക്കാതെ ഭാര്യ ഡിഷ് വാഷർ വാങ്ങി; വീട് അടിച്ചു തകർത്ത് ഭർത്താവ്
തന്നോട് സമ്മതം ചോദിക്കാതെ ഭാര്യ ഡിഷ് വാഷർ വാങ്ങിയതിൽ പ്രതിഷേധിച്ച് ഭർത്താവ് വീട്ടുപകരണങ്ങൾ അടിച്ചു തകർത്തതായി റിപ്പോർട്ട്. ചൈനയിലെ ഗ്വാങ്ഡോങ്ങിലാണ് സംഭവം. 269 ഡോളർ (25000 രൂപ) വില വരുന്ന ഡിഷ് വാഷർ ആണ് ഭാര്യ ഓൺലൈനിൽ ഓർഡർ ചെയ്തത്. തണുത്ത വെള്ളത്തിൽ പാത്രം കഴുകുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് താൻ ഡിഷ് വാഷർ വാങ്ങിയതെന്നും ഭർത്താവ് പാത്രം കഴുകാൻ സഹായിക്കാറില്ലെന്നും യുവതി പറയുന്നു.
ഡിഷ് വാഷർ ഫിറ്റ് ചെയ്യുന്നതിനായി ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് ഇക്കാര്യം അറിയുന്നത്. വൈദ്യുതി ചെലവു കൂടുമെന്നതിനാൽ ഡിഷ് വാഷർ തിരിച്ചു കൊടുക്കാൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ഭാര്യ തയാറായില്ല. ഇതോടെയാണ് ഭർത്താവ് വീട്ടിനുള്ളിലെ വസ്തുക്കളെല്ലാം അടിച്ചു തകർക്കാൻ തുടങ്ങിയത്.
ഭയന്നു പോയ യുവതി വീട്ടിൽ നിന്ന് ഇറങ്ങിയോടി. ഭർത്താവ് അക്രമാസക്തനായി ഫർണിച്ചറുകൾ അടിച്ചു തകർക്കുന്ന വിഡിയോ അവർ പുറത്തു വിട്ടു. അന്നു രാത്രി മുഴുവൻ ഹോട്ടൽ റൂമിലാണ് ചെലവഴിക്കുകയായിരുന്നു. ഡിഷ് വാഷർ റിട്ടേൺ ചെയ്ത ഭർത്താവ് പിറ്റേ ദിവസം തന്നോട് മാപ്പു പറഞ്ഞതായും ചെറിയ വിലയിൽ മറ്റൊരു ഡിഷ് വാഷർ വാങ്ങാമെന്ന് സമ്മതിച്ചതായും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എത്രയും പെട്ടെന്ന് അയാളിൽ നിന്ന് വിവാഹമോചനം നേടൂ എന്നാണ് വിഡിയോക്ക് താഴെയുള്ള കമന്‍റുകളിൽ ഭൂരിഭാഗവും.