വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് അറസ്‌റ്റിൽ

1

ന്യൂയോർക്ക്: ഏഴ് വർഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിഞ്ഞിരുന്ന വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. അസാന്‍ജിനെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ച ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അദ്ദേഹത്തെ എത്രയും പെട്ടെന്ന് കോടതിയില്‍ എത്തിക്കും എന്നറിയിച്ചു. ഇത്ര കാലം അസാന്‍ജിന് കൊടുത്ത രാഷ്ട്രീയഅഭയം പിന്‍വലിച്ച ഇക്വഡോര്‍, എംബസി മുഖാന്തരം ലണ്ടന്‍ പൊലീസിനെ വിളിച്ചു വരുത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അമേരിക്കയടക്കമുള്ള രാജ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നടത്തിയ പ്രതിലോമകരവും അനാശാസ്യവുമായ ഇടപെടലുകളുടേയും ചാരപ്പണികളുടേയും നൂറ് കണക്കിന് രഹസ്യ ഫയലുകൾ പുറത്തുവിടാൻ നേതൃത്വം നൽകിയ ജൂലിയൻ അസാഞ്ജിനെതിരെ സ്വീഡൻ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌ത് സ്വീഡന് കൈമാറുകയും തുടർന്ന് സ്വീഡൻ അമേരിക്കയ്ക്ക് വിചാരണയ്ക്കായി കൈമാറുന്നതും ഒഴിവാക്കാനാണ് 2012ൽ അസാഞ്ജ് ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.

തനിയ്ക്കെതിരായ ബലാത്സംഗ കേസ് വ്യാജമായ ആരോപണത്തിന്റെ പുറത്താണെന്നും അമേരിക്കയ്ക്ക തന്നെ കൈമാറാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നുമാണ് അസാഞ്ജ് പറയുന്നത്. താൻ ഒരർത്ഥത്തിൽ തടവിൽ തന്നെയാണെന്നും ആവശ്യമായ ചികിത്സയടക്കം തനിയ്ക്ക് നിഷേധിയ്ക്കപ്പെടുകയാണെന്നും ആസ്ട്രേലിയൻ പൗരനായ അസാഞ്ജ് യു.എൻ സമിതിയെ അറിയിച്ചിരുന്നു. അടുത്തിടെ ലൈംഗികാരോപണം സംബന്ധിച്ച കേസിൽ അസാഞ്ജിനെ സ്വീഡൻ കുറ്റവിമുക്തനാക്കി. കഴിഞ്ഞ മാർച്ചിലാണ് ഇക്വഡോർ അ‌സാഞ്ജിന് രാഷ്ട്രീയ അഭയം പിൻവലിച്ചത്.