പെണ്‍കരുത്തിനെ ഓര്‍പ്പിക്കാന്‍ ഒരു ദിനം കൂടി… ഓരോ വനിതാ ദിനവും ഓരോ ഓര്‍മ്മപ്പെടുത്തലാണ്. സ്ത്രീയുടെ കരുത്തിന്റെ, ദൃഡനിശ്ചയത്തിന്റെ, ത്യാഗത്തിന്റെ, കണ്ണീരിന്റെ, വിയര്‍പ്പിന്റെ എല്ലാം… മകളായും അമ്മയായും സഹോദരിയായും ഭാര്യയായും ഇത്രയധികം വേഷപകര്‍ച്ചകളില്‍ ഓരോ ജീവിതത്തിലും അവള്‍ നല്‍കുന്ന സ്വാധീനത്തെ പറഞ്ഞറിയിക്കാന്‍ വയ്യ.പക്ഷെ ഈ വനിതാ ദിനം നമ്മുക്ക് എങ്ങനെ ആഘോഷിക്കാന്‍ കഴിയും ..കാരണം നമുക്ക് ചുറ്റും തന്നെ പേര് അറിയാത്തതും അറിയുന്നതുമായ എത്രയോ സ്ത്രീകള്‍ അക്രമിക്കപെടുമ്പോള്‍ ഒരു വനിതാ ദിനം ആഘോഷത്തോടെ കൊണ്ടാടാന്‍ ഉള്ള അവകാശം നമുക്ക് ഉണ്ടോ ?
എന്നത്തെയും പോലെ, സ്ത്രീ – പുരുഷ സമത്വം, സ്വാതന്ത്ര്യം , എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപെടുമ്പോൾ, ഇന്ത്യയിൽ ഈ ദിനം വനിതകൾക്ക് തികഞ്ഞ അരക്ഷിതാവസ്തയുടെതാണ്..കേരളത്തില്‍മാത്രമല്ല ഇന്ത്യ മുഴുവന്‍ ഉള്ള അരക്ഷിതാവസ്തയെ കുറിച്ചാണ് പറഞ്ഞു വരുന്നത് .കൈകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിരയാണ് ഓരോദിവസവും ഉണ്ടാകുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടുന്ന നാടായി മാറുന്ന ഇന്ത്യയില്‍ എന്തിനു വേണ്ടിയാണ് ഈ വനിതാ ദിനം ആചരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്.
സ്ത്രീയുടെ അഭിമാനം കളങ്കപ്പെടുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആവലാതികളും ആശങ്കകളുമാണ് ഇന്നത്തെ ലോകവനിതാദിനത്തില്‍ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സമൂഹധാരയില്‍ സ്ത്രീയുടെ പദവിയും പങ്കും ശക്തമായി സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും അവള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ വര്‍ദ്ധമാനദിശയിലാണ്.പുരുഷന്‍റെ ലോകം സ്ത്രീക്ക് അപമാനം നൽകുന്ന അവസ്ഥയിൽ നിന്ന് മാറിയാലേ ഈ ദിനത്തിന് പ്രസക്തിയുള്ളു. നിയമങ്ങൾ പ്രായോഗികമാവുന്ന, പെണ്ണിന്‍റെ പ്രതികരണത്തിന് വില നൽകുന്ന സാമൂഹ്യാന്തരീക്ഷം ഓരോ സ്ത്രീയുടെയും അവകാശമാണ്. സമൂഹത്തിൽ സ്ത്രീക്ക് സ്വാധീനമുണ്ടായിരുന്ന നല്ല കാലത്തേക്ക്, ഈ പുതിയ കാലം പെണ്ണിനെ കൂടെ നടത്തുമെന്ന് പ്രതീക്ഷിക്കാം.
സ്ത്രീസാന്നിദ്ധ്യത്തിന്‍റെ ശാരീരിക സാദ്ധ്യതകളിലേക്ക് ചുരുങ്ങാതെ, മനുഷ്യരാശിയുടെ തുല്യപാതിയെ ചവിട്ടിയരച്ച് താഴേക്ക് നോക്കാതെ, കണ്ണുയർത്തി നോക്കാൻ, അവളെ യഥാർത്ഥ സ്വത്വത്തിൽ മനസ്സിലാക്കാൻ, വരുംദിനങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം .എല്ലാ വായനക്കാര്‍ക്കും വനിതാ ദിന ആശംസകള്‍ .