കിഴക്കന്‍ ബ്രസീസിലെ ചെറിയൊരു പ്രദേശത്ത് നിന്നും വംശനാശം സംഭവിച്ചു എന്ന് കരുതി പോന്ന ഒരിനം പക്ഷി വർഗ്ഗത്തെ കണ്ടെത്തി. സ്ട്രെസെമാന്‍സ് ബ്രിസ്റ്റില്‍ഫ്രണ്ട് എന്ന കുഞ്ഞന്‍ പെൺ പക്ഷിയെയാണ് മാസങ്ങള്‍ നീണ്ട തിരച്ചിലടുവില്‍ കഴിഞ്ഞ മാസം കണ്ടെത്തിയത്. ലോകത്തിൽ തന്നെ ഈ ഇനത്തില്‍ പെട്ട വിരലില്‍ എണ്ണാവുന്ന പക്ഷികള്‍ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന വലിപ്പമോ നിറമോ ഈ പക്ഷിക്കില്ല. അതുകൊണ്ട് തന്നെ ഇവയെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ലതാനും.
1830കൾക്ക് മുമ്പ് ധാരാളമായി കണ്ടു വന്നിരുന്ന ഈയിനം പക്ഷികളെ, പിന്നീടങ്ങോട്ട് പ്രദേശത്തുണ്ടായ വന നശീകരണവും നഗരവൽക്കരണവും മൂലം കാണാൻ പ്രയാസമായി മാറി. 1935ലാണ് ഈ പക്ഷിയെ പിന്നീട് കണ്ടെത്തിയത്. ഇതിനു ശേഷം വീണ്ടും കാണാതായ ഈ പക്ഷിയെ 1995ലാണ് പിന്നീട് കണ്ടെത്തുന്നത്. ഇതോടെ പക്ഷിയെ അതീവ വംശനാശ ഭീഷണി നേരിടുന്നവയായി ഗവേഷകര്‍ പ്രഖ്യാപിച്ചു.
വടക്കുകിഴക്കന്‍ മേഖലയായ മിനാസ് ഗരീസിലാണ് ഇപ്പോള്‍ ബ്രിസ്റ്റില്‍ ഫ്രണ്ട് പക്ഷികളുടെ ചെറിയൊരു കൂട്ടമുള്ളത്. ഇവയുടെ സംരക്ഷണത്തിനായാണ് ഗവേഷകര്‍ ഇപ്പോള്‍ ശ്രമം തുടരുന്നതും. നിലവിലിപ്പോള്‍ ഒരു പക്ഷിയെ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവയെ കൂടി കണ്ടെത്തി അവയുടെ ആവാസമേഖല തിരിച്ചറിഞ്ഞ് സംരക്ഷണം ഉറപ്പാക്കാനാണ് ഗവേഷകർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.