സാഹിത്യകാരി അഷിത അന്തരിച്ചു

1

തൃശ്ശൂര്‍: മലയാളത്തിലെ പ്രമുഖ സാഹിത്യകാരി അഷിത (63) അന്തരിച്ചു. രാത്രി ഒന്നിന് അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ചെറുകഥകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കഥാകാരിയായിരുന്നു അഷിത.

മലയാളത്തിലെ ഉത്തരാധുനിക തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയായിരുന്നു അഷിത. കവയിത്രി കൂടിയായിരുന്ന അഷിത അക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ അടക്കമുള്ള റഷ്യന്‍ കവിതകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു. മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കർത്താവാണ് അഷിത.

അഷിത തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയിലെ അന്നപൂര്‍ണയിലാണ് താമസിച്ചിരുന്നത്. ഡിഫൻസ് റിട്ട. അക്കൗണ്ട്‌സ് ഓഫിസർ കെ.ബി. നായരുടെയും (കഴങ്ങോടത്ത് ബാലചന്ദ്രൻ നായർ) തെക്കേ കറുപ്പത്ത് തങ്കമണിയുടെയും മകളായി 1956 ഏപ്രിൽ 5ന് ത്രിശൂർ ജില്ലയിലാണ് അഷിതയുടെ ജനനം. ഡല്‍ഹിയിലും മുംബൈയിലുമായി സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയ അഷിത, എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടി. കേരള സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. കെ.വി. രാമന്‍കുട്ടിയാണ് ഭര്‍ത്താവ്. മകള്‍: ഉമ. മരുമകന്‍: ശ്രീജിത്ത്.

അഷിതയുടെ കഥകള്‍, അപൂര്‍ണവിരാമങ്ങള്‍, വിസ്മയ ചിഹ്നങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, കല്ലുവെച്ച നുണകള്‍, .ശിവേന സഹനർത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത്, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകളുടെ മലയാള തര്‍ജ്ജമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം അഷിതയുടെ കഥകൾ എന്ന കൃതിക്കു ലഭിച്ചു. ഇടശ്ശേരി അവാർഡ്, പത്മരാജൻ അവാർഡ്,ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.