സനാ: യെമനില്‍ സൗദി-യു.എ.ഇ സഖ്യം സൈന്യത്തിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്തതിന് തെളിവുകള്‍ പുറത്ത്. അല്‍ജസീറയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികളെയാണ് ഹൂതികള്‍ക്കെതിരെ പൊരുതാന്‍ സൗദി അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. 2015ലാണ് യെമനില്‍ ഹൂതികളെ ഇല്ലാതാക്കാന്‍ സൗദി-യു.എ.ഇ സഖ്യം രൂപീകരിച്ചത്. ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ യെമനിലെ 80% ജനസംഖ്യയെ അതായത് 24 മില്യണ്‍ ജനങ്ങളെ പെരുവഴിയിലാക്കുകയായിരുന്നു. മനുഷ്യാഅവകാശ ലംഘനങ്ങളാണ് പിന്നീട് യമനിൽ അരങ്ങേറിയത്.
യെമന്‍ യുദ്ധരംഗത്തുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ടും ഹൂതികള്‍ക്കുവേണ്ടിയാണ് പൊരുതുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ശേഷിക്കുന്നവര്‍ സൗദി-യു.എ.ഇ സഖ്യത്തിനുവേണ്ടിയും.കുട്ടികളെ സായുധ സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര പ്രോട്ടോകോളില്‍ സൗദി അറേബ്യയും യെമനും ഒപ്പുവെച്ചിരുന്നു.എന്നാല്‍ ഇന്ന് പ്രാദേശിക കുട്ടിക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ യെമനി കുട്ടികളെക്കൂടി യുദ്ധരംഗത്തേക്ക് ഇറക്കിയിരിക്കുകയാണെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നത്.