വെള്ളിയേക്കാള്‍ തിളക്കമുള്ള യോഗേശ്വരിന്റെ തീരുമാനം

0

ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ഇന്നു വാര്‍ത്തകളില്‍ ഇടം നേടിയത് വെള്ളിയേക്കാള്‍ തിളക്കമാര്‍ന്നൊരു തീരുമാനത്തന്റെ പേരിലാണ്.ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബേസിക് കുഡുക്കോവ് ഉത്തേജകം ഉപയോഗിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നു  വെങ്കല മെഡല്‍ നേടിയ യോഗേശ്വറിനു വെള്ളി മെഡല്‍ കൈയെത്തും ദൂരത്തായിരുന്നു.  ഇക്കാര്യം രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.പക്ഷെ  യോഗേശ്വര്‍ ആ മെഡല്‍ നിരസിച്ചു . അവിടെയാണ് കളിക്കളത്തിനു പുറത്തെ ചില ഹൃദ്യബന്ധങ്ങളുടെ തിളക്കം നമ്മള്‍ അറിയുന്നത് .

നാലു തവണ ലോകചാംപ്യനായ കുഡുക്കോവ് 2013ല്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.കുദുകോവിനോടുള്ള ആദരസൂചകമായാണ് താന്‍ മെഡല്‍ സ്വീകരിക്കാത്തതെന്ന് യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചു.നാലു തവണ ലോകചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനുമായ ബെസിക് കുദുകോവ് മഹാനായ ഗുസ്തി താരമായിരുന്നെന്നും യോഗേശ്വര്‍ പറഞ്ഞു. വെള്ളി മെഡല്‍ കുദുകോവിന്റെ കുടുംബത്തിനു തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ അറിയിച്ചു.

ഇന്നലെയാണ് ലണ്ടന്‍ ഒളിംപിക്‌സില്‍ താന്‍ നേടിയ വെങ്കല മെഡല്‍ വെള്ളിമെഡലായി മാറിയതായി യോഗേശ്വര്‍ ദത്ത് ട്വിറ്ററിലൂടെ അറിയിച്ചത്.റഷ്യന്‍ ഏജന്‍സിയായ ഫ്‌ളൊറെസ്ലിങ് ഡോട്ട് ഓര്‍ഗാണ് ലണ്ടനില്‍ വെള്ളി മെഡല്‍ നേടിയ റഷ്യന്‍ താരം ബെസിക് കുഡുക്കോവ് നിരോധിത ഉത്തേജക മരുന്നുപയോഗിച്ചിരുന്നതായ വാര്‍ത്ത പുറത്തുവിട്ടത് .രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി വീണ്ടും പരിശോധന നടത്തിയപ്പോഴാണ് നിരോധിത മരുന്നിന്റെ ഉപയോഗം കണ്ടെത്തിയത്.