മനുഷ്യര്‍ മാത്രമല്ല ,യുദ്ധക്കെടുതിയില്‍ അനാഥരായി തെയിസിലെ മൃഗങ്ങളും നരകിക്കുന്നു

0

മധ്യേഷ്യയിലെ യുദ്ധക്കെടുതികള്‍ വരുത്തി വെച്ച സര്‍വനാശത്തില്‍ മനുഷ്യര്‍ക്കൊപ്പം ജീവന് വേണ്ടി മല്ലിട്ട് മൃഗങ്ങളും .യെമനിലെ തെയിസ് മൃഗശാലയിലെ സിംഹത്തിന്റെ കാഴ്ചകള്‍ ഈ  യുദ്ധകെടുതികളുടെ നേര്‍ചിത്രമാണ് . തല ഉയര്‍ത്തി ഗര്‍ജിക്കുന്ന മൃഗരാജനെ അല്ല ഇവിടെ കാണാന്‍ കഴിയുക ,പകരം ഒരു നേരത്തെ അന്നം പോലും ലഭിക്കാതെ എല്ലും തോലുമായ ഒരു ദയനീയ രൂപത്തെ ആണ് .ഇവിടുത്തെ എല്ലാ മൃഗങ്ങളുടെ അവസ്ഥയും ഇത് തന്നെയാണ് .

12 സിംഹങ്ങളുണ്ടായിരുന്ന മൃഗശാലയില്‍ പട്ടിണിയോടും ബോംബുകളോടും മല്ലടിച്ച് ഒടുവില്‍ ശേഷിക്കുന്നത് ഒരേയൊരു സിംഹമാണ്. സിംഹവും പുള്ളിപ്പുലികളും ഉള്‍പ്പടെ 266 മൃഗങ്ങളാണ് ഈ മൃഗശാലയില്‍ ഇന്ന് അവശേഷിക്കുന്നത്. മൃഗശാലയുടെ ഉടമസ്ഥരും നടത്തിപ്പുകാരുമെല്ലാം സ്വന്തം ജീവന്‍രക്ഷിക്കാനുള്ള ശ്രമത്തില്‍ എവിടേക്കോ രക്ഷപെട്ടു. അഞ്ഞൂറിലേറെ മൃഗങ്ങള്‍ ഉണ്ടായിരുന്ന മൃഗശാലയില്‍ പകുതിയോളം മൃഗങ്ങള്‍ ഇതിനകം ചത്തു. സന്നദ്ധപ്രവര്‍ത്തകരുടെ സഹായംകൊണ്ടാണ് ശേഷിക്കുന്ന മൃഗങ്ങള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഈ മൃഗങ്ങളുടെ ദുരവസ്ഥ ലോകം അറിഞ്ഞത് .യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ യെമനില്‍ എത്തിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ മൃഗശാലക്കാവശ്യമായ സഹായങ്ങള്‍ ലഭിച്ചു തുടങ്ങിട്ടുണ്ട് .യുദ്ധം മൂലം വിലക്കയറ്റം രൂക്ഷമായ യമനില്‍ ആഴ്ചയില്‍ ഏകദേശം 3300 ഡോളര്‍ വേണം ഈ മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ലഭ്യമാക്കാന്‍. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഉള്‍പ്പടെയുള്ള സംഘടനകളുടെ സഹായത്തോടെ മൃഗങ്ങളെ രാജ്യത്തിന് പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.