ഇതിനു മുന്‍പുള്ള ഗോഡ്സില്ല ചിത്രങ്ങള്‍ കണ്ട് ആവേശം കൊണ്ടിട്ടുള്ള ഒരാളാണ് നിങ്ങളെങ്കില്‍, ഏറെ കാത്തിരുന്നെത്തിയ ഈ പുത്തന്‍ 3D ഗോഡ്സില്ല നിങ്ങളെ നിരാശപ്പെടുത്തിയേക്കും. 3Dയില്‍ പോലും കാര്യമായ ഒരു ഓളമുണ്ടാക്കാന്‍ കഴിയാതെ പോയ ഗോഡ്സില്ല; വളരെ ക്ഷമയുള്ള ഉദാര മനസുള്ള പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ച് ഇറങ്ങിയ പടം പോലെ തോന്നിപ്പിക്കും.
സാധാരണയായി ഭയാനക വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ഭീകരന്‍ പക്ഷെ ഇത്തവണ നന്മയുടെ ആള്‍ രൂപമായും, മാനവ രാശിയുടെ രക്ഷകനായും ആണ് നമ്മുടെ മുന്നിലെത്തിയിരിക്കുനത്. ഗരേത് സംവിധാനം ചെയ്ത ഈ ചിത്രം നായകനായ ഗോഡ്സില്ലയെ പക്ഷേ അതിഥി താരം പോലെ പിശുക്കിയാണ് നമ്മെ കാണിക്കുന്നത്. ടൈറ്റില്‍ കേട്ട് ഗോഡ്സില്ലയെ കാണാന്‍ എത്തുന്നവര്‍ക്ക് മുന്‍പില്‍ ഇടവേളക്കു ശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന നായകന്‍റെ വിശ്വരൂപം ക്ലൈമാക്സില്‍ മാത്രം സ്ക്രീനില്‍ മിന്നിമറഞ്ഞു പോകുന്നു.
1954-ല്‍ റഷ്യക്കാരാല്‍ ഉണര്‍ത്തപ്പെട്ട ഗോഡ്സില്ലയെ കൊല്ലാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫൂട്ടേജോടെ ആരംഭിക്കുന്ന ചിത്രം 1999-ല്‍ നിന്ന് കഥ പറഞ്ഞു തുടങ്ങുന്നു.
ഫിലിപ്പൈന്‍സില്‍ ഡോ.ഇചിരോ സെരിസാവ കണ്ടെത്തുന്ന ഒരു ഫോസിലും അതില്‍ നിന്ന് ജന്മം കൊണ്ട ആണവ ജീവികളും ആണ് ആദ്യമായി ഒരു ഭീഷണിയായി ജപ്പാനിലെ ഒരു ആണവ പ്ലാന്‍റ് നശിപ്പിക്കുന്നത്. മ്യുട്ടോ എന്ന ആ ജീവികള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലോകത്തെ നശിപ്പിക്കാനൊരുങ്ങുമ്പോള്‍ ഗോഡ്സില്ല പ്രത്യക്ഷപെട്ട് അവയെ പൊരുതി തോല്‍പ്പിക്കുന്നു.
ഇഴഞ്ഞു നീങ്ങുന്ന, അല്‍പ്പം പോലും ഉദ്വേഗജനകമാല്ലാത്ത തിരകഥയില്‍ പ്രേക്ഷകര്‍ മടുത്തു പോകുമ്പോള്‍ 3D ഇഫെക്ടിനോ, കിടിലന്‍ ഗ്രാഫിക്സ്നോ ചിത്രത്തിലേയ്ക്ക് പ്രേക്ഷകനെ ആകര്‍ഷിച്ചു കൊണ്ടുവരാന്‍ കഴിയുന്നില്ല.
സാധാരണയായി മോണ്‍സ്റ്റര്‍ പടങ്ങളില്‍ കാണാത്ത കുടുംബ ബന്ധങ്ങളുടെ ആഴവും, ഇമോഷനും ധാരാളം ചേര്‍ത്ത ഈ ചിത്രം പക്ഷേ ഒരു ശരാശരി മാത്രമായോ അതിലും താഴയോ ആയി ഒതുങ്ങി പോയി; പ്രത്യേകിച്ചും ആക്ഷന്‍റെ കാര്യത്തില്‍. എങ്കിലും എടുത്തു പറയാനായി ഉള്ളത് നായകനായ ഫോര്‍ഡ്ന്‍റെ ഒരു സ്കൈ ഡൈവ് രംഗമാണ്. 3Dയില്‍ പ്രേക്ഷകന് സ്വയം അല്പ്പം അഡ്വഞ്ചര്‍ നല്‍കുന്ന ആ രംഗം മികച്ച രീതിയില്‍ അവതരിപ്പിചിരിക്കുന്നു. ഇത്തരത്തില്‍ കാണാനുള്ള എന്തെങ്കിലും നല്‍കാന്‍ ക്ലൈമാക്സോടടുക്കുമ്പോള്‍ മാത്രമേ ചിത്രത്തിനാകുന്നുള്ളൂ.
ചുരുക്കി പറഞ്ഞാല്‍ , പേടിക്കാനോ ഞെട്ടാനോ കണ്ണു തള്ളിയിരുന്നു പോകാനോ വേണ്ടി ഈ ചിത്രം കാണാന്‍ പോകേണ്ട ആവശ്യം ഇല്ല എന്നര്‍ത്ഥം. ഒരു സാധാരണ ചിത്രം കാണാനുള്ള മനസോടെ പോയാല്‍ 'നല്ല ഗ്രാഫിക്സ്' എന്നൊക്കെ അഭിപ്രായം പറയാം.
സൈഡ് കട്ട് : നിങ്ങളുടെ മനസ്സില്‍ ഗോഡ്സില്ല , കിംഗ് കോങ്ങ് Vs ഗോഡ്സില്ല ചിത്രങ്ങളൊക്കെ ഇപ്പോഴും പുതുമയോടെ നില്‍ക്കുന്നുണ്ടെകില്‍; 3D നിരാശയായിരിക്കും ഈ പുത്തന്‍ ചിത്രം നിങ്ങള്‍ക്ക് നല്‍കുക……..