സിംഗപ്പൂര്‍ സ്വതന്ത്ര റിപ്പബ്ലിക് ആയിട്ട് ഇന്നേക്ക് അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. സുവര്‍ണ ജൂബിലി തിളക്കത്തില്‍ ദേശീയദിനം ആഘോഷിക്കുന്ന സിംഗപ്പൂരില്‍ വര്‍ണ്ണാഭമായ പരിപാടികളാണ് അരങ്ങേറുന്നത്. അന്‍പത് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് നോക്കുമ്പോള്‍ ശൂന്യതയില്‍ നിന്നും സിംഹപുരിയിലെക്കുള്ള രാജ്യത്തിന്‍റെ വളര്‍ച്ച അസൂയാവഹമാണ്.
അര നൂറ്റാണ്ടിന്‍റെ ചെറിയ കാലയളവില്‍ അത്ഭുതകരമായ ഒരു പരിവര്‍ത്തനമാണ് സിംഗപ്പൂരിന് ഉണ്ടായത്. മലേഷ്യയുമായുള്ള ലയനം പരാജയപ്പെട്ടു പുറത്താക്കപ്പെട്ട സിംഗപ്പൂര്‍ ആത്മവിശ്വാസവും ദീര്‍ഘവീക്ഷണവുമുള്ള ലീ ക്വാന്‍ യൂവിന്‍റെ നേതൃത്വത്തിലുള്ള അര്‍പ്പണ മനോഭാവമുള്ള ഒരു സംഘത്തിന്‍റെ പ്രവര്‍ത്തനഫലമായാണ് 50 വര്‍ഷത്തിനു ശേഷം അഞ്ച് മില്യണ്‍ ജനസംഖ്യയുള്ള, ലോകരാജ്യങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന ഒരു രാജ്യമായി മാറാനുള്ള കാരണം.
സാമ്പത്തിക മേഖലയിലും തൊഴില്‍ മേഖലയിലും ചെയ്ത ആസൂത്രിതവും വ്യക്തവുമായ പ്ലാനുകള്‍ രാജ്യത്തിന്‍റെ ധൃതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമായി. വിട്ടുവീഴ്ചയില്ലാത്ത നിയമ വ്യവസ്ഥകളും ചിട്ടയായ ഭരണവും കൃത്യതയുള്ള സംവിധാനങ്ങളും കര്‍ശനമായ നിയമങ്ങളും സൗഹാര്‍ദ പരമായ സഹകരണങ്ങളും മുഖപക്ഷമില്ലാതെയുള്ള ഇടപെടലുകളും സുരക്ഷിതമായ ജീവിത ശൈലികളും ഭദ്രതയുള്ള സാമ്പത്തിക നിലവാരവും തൊഴിലുറപ്പും വിവേചനമില്ലായ്മയും ഗതാഗതവും വിനോദ വിജ്ഞാന കേന്ദ്രങ്ങളും അനുയോജ്യമായ കാലാവസ്ഥയും ഹരിതഭംഗിയും ശുതിത്വവും അങ്ങനെ എണ്ണിയാല്‍ തീരാത്ത സൗകര്യങ്ങളുടെ നഗരമായ സിംഗപ്പൂര്‍ സാധാരണ ജനജീവിതത്തിന് ഏറ്റവും അനുജോയമായ ഒരു നഗരമാണ്. വെറും 718.3 ച.കി.മീ.ചുറ്റളവ് മാത്രമുള്ള ഈ ചെറുദ്വീപ് വികസിത രാഷ്ട്രങ്ങളുടെ മുന്നില്‍ സിംഹ ശൌര്യത്തോടെ തലയെടുത്ത് നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നത് സിംഗപ്പൂരില്‍ ജനിച്ചുവളര്‍ന്നവര്‍ മാത്രമല്ല; മറിച്ച് ഇവിടെ പ്രവാസികളായി ജീവിച്ചു ജോലി ചെയ്യുന്നവരുടെ കൂടി അഭിമാനവും സന്തോഷവുമാണ് ഈ സുദിനം.
എല്ലാ സിംഗപ്പൂര്‍ നിവാസികള്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ ദേശീയ ദിന സുവര്‍ണ്ണ ജൂബിലി ആശംസകള്‍…