Photos: Lijesh Photography |
സിംഗപ്പൂര്‍ കാഴ്ചകള്‍ (ഭാഗം 1)
തെക്ക് കിഴക്കന്‍ ഏഷ്യയിലെ മനോഹരമായ ദ്വീപ് രാജ്യം. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്ന്, സിംഗപ്പൂര്‍. ലയേണ്‍ സിറ്റി, ഗാര്‍ഡന്‍ സിറ്റി, എന്നും അറിയപ്പെടുന്നു. സംസ്കൃത പദങ്ങളായ സിംഹ (സിംഹം), പുര (നഗരം) എന്നീ വാക്കുകള്‍ ഒന്ന് ചേര്‍ന്നുള്ള സിംഗപുര എന്ന മലയ് നാമത്തില്‍ നിന്നുമാണ്‍ രാജ്യത്തിന് സിംഗപ്പൂര്‍ എന്ന പേര് വന്നത്. ജാവനീസില്‍ തെമസാക് (സീ ടൌണ്‍ എന്നര്‍ത്ഥം) എന്നാണ് ഈ തുറമുഖ നഗരത്തിന്‍റെ പേര്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ ജോലി തേടിയും, സ്ഥിര വസതി തേടിയും, കാഴ്ചകള്‍ കാണാനായും എത്തിച്ചേരുന്ന രാജ്യം. ജനങ്ങള്‍ക്ക് ഈ നാട് പ്രിയമുള്ളതാകാന്‍ കാരണങ്ങള്‍ നിരവധി. സിംഗപ്പൂരിനെ അറിയാന്‍, കാഴ്ചകള്‍ ആസ്വദിക്കാനായ് ഇതാ ‘സിംഗപ്പൂര്‍ കാഴ്ചകള്‍’.
മെര്‍ലയേണ്‍ പാര്‍ക്ക്
സിംഗപ്പൂര്‍ എന്ന പേര് കേട്ടാല്‍ ആരുടെയും മനസ്സില്‍ ഓടിയെത്തുന്ന ചിത്രം, വായില്‍ നിന്നും വെള്ളം പുറത്തേക്കു ചീറ്റുന്ന, ഉടല്‍ മത്സ്യത്തിന്‍റെയും, തല സിംഹത്തിന്‍റെതും ആയുള്ള തിരമാലകളില്‍ വിശ്രമിക്കുന്ന ഈ രൂപത്തിന്‍റെതാകാം. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിനു (CBD ) അരികിലെ വണ്‍ ഫുള്ളര്‍ടണ്‍ എന്ന ആഡംബര ഹോട്ടലിനരികിലെ മെര്‍ലയേണ്‍ പാര്‍ക്കില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതാണ്‍ സിംഗപ്പൂരിന്‍റെ ലാന്‍ഡ് മാര്‍ക്ക്. രാജ്യ ചിഹ്നം.
8.6 മീറ്റര്‍ ഉയരത്തിലും, 70 ടണ്‍ ഭാരത്തിലുമുള്ള ഈ പ്രതിമ സിംഗപ്പൂര്‍ ശില്പിയായ ലിം നാങ്ങ് സെങ്ങ് ആണ്‍ നിര്‍മ്മിച്ചത്. രൂപ കല്പന ഫ്രാസര്‍ ബ്രൂണര്‍. 1964 ല്‍ സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിനുള്ള ചിഹ്നമായാണ്‍ ഇത് ഡിസൈന്‍ ചെയ്തത്. 1,65,000 സിംഗപ്പൂര്‍ ഡോളര്‍ ആണ്‍ നിര്‍മ്മാണ ചിലവ്. 1971 നവംബര്‍ മുതല്‍ 1972 ഓഗസ്റ്റ് വരെ ആയിരുന്നു ഇതിന്‍റെ നിര്‍മ്മാണം. 1972 സെപ്റ്റംബര്‍ 15 നു അന്നത്തെ പ്രധാനമന്ത്രി ലീ ക്വാന്‍ യു ആണ്‍ ഇതിന്‍റെ സ്ഥാപക കര്‍മ്മം നിര്‍വഹിച്ചത്. എസ്പ്ലനേഡ് ബ്രിഡ്ജിന്‍റെ നിര്‍മ്മിതിയോടെ 2002 ല്‍ ഇത് വണ്‍ ഫുള്ളര്‍ടണിനു അരികിലേക്ക് മാറ്റി സ്ഥാപിച്ചു.
സിമെന്റിലാണ് മെര്‍ലയേണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. മത്സ്യത്തിന്‍റെ ഉടല്‍ പോസ്ലിന്‍ പ്ലേറ്റ്കളാലും, ചുവന്ന കണ്‍ണുകള്‍ ചായ കപ്പുകളാലും ആണ്‍ അലങ്കരിച്ചിരിക്കുന്നത്. മലയ് ചരിത്ര രേഖകളില്‍ പറയുന്ന പ്രകാരം 1299 ല്‍ രാജകുമാരന്‍ സംഗനില ഉത്തമന്‍ ഈ ദ്വീപില്‍ എത്തുകയും ഇവിടെ വെച്ച് സിംഹത്തെ പോലൊരു വിചിത്ര ജീവിയെ കാണുകയും, ഇത് സിഹങ്ങളുടെ നാടെന്നു കരുതുകയും ചെയ്തു. രാജകുമാരന്‍ കണ്ടത് സീ (മെര്‍) ലയേണിനെ ആയിരിക്കാമെന്നും ചരിത്ര താളുകളില്‍ പറയുന്നു. അതിനാലാണ് തല സിംഹത്തിന്‍റെതും, സിംഗപുരയൊരു ഫിഷിംഗ് വില്ലേജ് ആയിരുന്നു എന്നതിന്‍റെ ഓര്‍മ്മയ്ക്കു ഉടല്‍ മത്സ്യത്തിന്‍റെതും ആയി പ്രതിമ രൂപ കല്പന ചെയ്തത്.
സിംഗപ്പൂരിലുള്ള ഏഴ് പ്രധാന മെര്‍ലയേണ്‍ പ്രതിമകളില്‍ ഒന്നാണിത്. ഇതില്‍ 5 എണ്ണം മാത്രമാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന്‍റെ അംഗീകാരത്തില്‍ ഉള്ളത്. ഇതിനരികില്‍ തന്നെ രണ്ടു മീറ്റര്‍ ഉയരത്തില്‍ ഒരു കുഞ്ഞു പ്രതിമയും ഉണ്ട് 3 ടണ്‍ ഭാരത്തില്‍, 2 മീറ്റര്‍ ഉയരത്തില്‍.
ഏറ്റവും വലിയ മെര്‍ലയേണ്‍ സെന്റൊസയിലാണ്. മുപ്പത്തിയേഴ് അടി ഉയരമാണ് ഇതിന്. ഒരെണ്‍ണം മൌന്റ്റ് ഫാബറില്‍ സ്ഥിതി ചെയ്യുന്നു. ഒരു മെര്‍ലയേണ്‍ ടൂറിസം കോര്‍ട്ടിലും.
(തുടരും..)
സിംഗപ്പൂര്‍ കാഴ്ചകള്‍ (ഭാഗം 2)