ആരെയും ആകര്‍ഷിയ്ക്കും ജീവന്‍ തുളുമ്പുന്ന ഈ ചിത്രങ്ങള്‍, അതിലേറെ അത്ഭുതമാകും ചിത്രങ്ങള്‍ക്ക് പിന്നിലെ കലാകാരിയെക്കുറിച്ച് അറിയുമ്പോള്‍. ഈ ചിത്രങ്ങള്‍ അത്രയും വരച്ചത് കാല്‍വിരലുകള്‍ കൊണ്ടാണ് എന്ന് അറിയുമ്പോള്‍ ആരാണ് അതിശയിക്കാതിരിക്കുക?
അതെ ഇതു പരിമിതികളെ അതിജീവിച്ചു കൊണ്ട്, ദൈവം നല്‍കിയ കഴിവുകളെ തിരിച്ചറിഞ്ഞു ഹൃദയത്തിലേറ്റിയ ചിത്രകലാകാരി, സ്വപ്ന അഗസ്റ്റിന്‍. എറണാകുളത്ത് സോഫിയ-അഗസ്റ്റിന്‍ ദമ്പതികളുടെ മകളായി ജനിച്ച സ്വപ്ന ആദ്യമൊക്കെ ദൈവത്തോട് പരിഭവിച്ചു കരഞ്ഞു ചോദിച്ചിട്ടുണ്ട്, ഒരു കൈ എങ്കിലും തരാമായിരുന്നില്ലേ എന്ന്. ഇന്ന് ആത്മവിശ്വാസം ഏറെ നേടിയ ഒരു കലാകാരിയാണ് സ്വപ്ന. ആലപ്പുഴ സെന്റ് ജോസഫ്സ് വിമന്‍സ് കോളേജില്‍ നിന്നും ബിഎ ഹിസ്റ്ററി വരെ പഠിച്ചതും ഈ ഉള്‍ക്കരുത്തു കൊണ്ടായിരിക്കാം.
"ഒരുപക്ഷെ ദൈവം എനിക്ക് കൈകള്‍ ഇല്ലാത്തത് കൊണ്ടായിരിക്കാം ഇതുപോലൊരു കഴിവ് തന്നത്", സ്വപ്ന ഇപ്പോള്‍ വിശ്വസിക്കുന്നു.
കുഞ്ഞുന്നാളില്‍ പെന്‍സില്‍, വാട്ടര്‍ കളര്‍ മുതലായവ ആയിരുന്നു ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. ഒരു കുടുംബ സുഹൃത്ത് വഴിയാണ് വായ കൊണ്ടും, കാല്‍ വിരലുകള്‍ കൊണ്ടും ചിത്രങ്ങള്‍ വരയ്ക്കുന്നവരുടെ കൂട്ടായ്മയായ മൌത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്സ് അസ്സോസിയേഷനുമായി ബന്ധപ്പെടുന്നത്. ചിത്രങ്ങളിലെ മികവു സ്വപ്നയ്ക്ക് സംഘടനയില്‍ അംഗത്വം നേടിക്കൊടുത്തു. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഈ സംഘടന മുംബൈയിലും പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയിലെ കലാകാരന്മാര്‍ സിംഗപ്പൂരില്‍ മൂന്ന് വര്‍ഷം മുന്‍പ് ഒത്തു ചേര്‍ന്നിട്ടുണ്ട്.
സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉപദേശപ്രകാരമാണ് സ്വപ്ന ചിത്രരചന കൂടുതല്‍ ശാസ്ത്രീയമായി പഠിക്കാനായി ഡെന്നി മാത്യു എന്ന ചിത്രകലാകാരന്‍റെ അടുത്ത് പോകുന്നത്. അവിടെ നിന്നുമുള്ള പരിശീലനം അക്രിലിക്, ഓയില്‍ പെയിന്റിംഗ്, മ്യൂറല്‍ മുതലായ രീതികളിലും സ്വപ്നയെ കൂടുതല്‍ നിപുണയാക്കി മാറ്റി. പ്രകൃതി ഭംഗി വളരെ മനോഹരമായാണ് സ്വപ്നയുടെ കാല്‍വിരലുകള്‍ കാന്‍വാസില്‍ പകര്‍ത്തിയെടുക്കുന്നത്.
അമ്മ നല്‍കിയ മനോധൈര്യവും, മേഴ്സി ഹോമിലെ പഠനവും സ്വപ്നയെ സ്വയം കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തയാക്കിയിട്ടുണ്ട്. മെയിലുകളും, മെസ്സേജുകളും അയക്കുന്നതും, ഫോണ്‍ അറ്റന്റ് ചെയ്യുന്നതും എല്ലാം സ്വപ്ന തനിച്ചാണ്. സ്വപ്നയ്ക്ക് ഒരു സഹോദരിയും, രണ്ടു സഹോദരന്മാരും ആണുള്ളത്. മൂന്ന് വര്‍ഷം മുന്‍പ് അച്ഛനെ നഷ്ടപ്പെട്ടു. ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന തുകയാണ് ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സ്വപ്നയെ സഹായിക്കുന്നത്, മാത്രമല്ല ചിത്രങ്ങള്‍ വരയ്ക്കാനും വേണം വിലയേറിയ ചിത്രരചനാ സാമഗ്രികള്‍. മൌത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്സ്’ അസ്സോസിയേഷന്‍ എക്സിബിഷന്‍ നടത്തിയാല്‍ കിട്ടുന്ന ഒരു തുക മാത്രമേ ഇപ്പോള്‍ ലഭിയ്ക്കുന്നുള്ളൂ. നിങ്ങളുടെ വീട്ടിലെയോ, സ്ഥാപനങ്ങളിലെയോ ചുമരിനെ ഇതിലൊരു ചിത്രം അലങ്കരിക്കുമ്പോള്‍ ഒരുപക്ഷെ അതൊരു പുണ്യവും, അതിലൊരു പ്രാര്‍ത്ഥനയും കാണും.
സ്വപ്ന വരച്ച ചിത്രങ്ങള്‍ വാങ്ങിയ്ക്കാനോ, ചിത്രപ്രദര്‍ശനം നടത്താനോ ആഗ്രഹിക്കുന്നവര്‍ക്കായ്…
സ്വപ്ന അഗസ്റ്റിന്‍
കൊച്ചുമുട്ടം – ഹൗസ്
പൈങ്ങോട്ടൂര്‍ – പി ഒ
ഏറണാകുളം, 686671
ഫോണ്‍ : 9633491506
“