ഹോഗനക്കല്‍, ഒരുപക്ഷെ ഈ പേര് കേട്ടാല്‍ പലര്‍ക്കും ഇത് എന്താണെന്ന് ചിലപ്പോള്‍ പിടികിട്ടിയെന്ന് വരില്ല. പക്ഷെ മണിരത്നത്തിന്റെ റോജയിലെ ‘ചിന്ന ചിന്ന ആശൈ’ പാട്ട് കണ്ടിട്ടുള്ളവര്‍ക്കെല്ലാം അതിലെ രംഗങ്ങളില്‍ കാണുന്ന കുട്ടവഞ്ചിയും വെള്ളച്ചാട്ടവും നന്നായി ഓര്‍മ്മ കാണും. ആ സ്ഥലം തന്നെയാണ് ഈ ഹോഗനക്കല്‍.
‘ഹോഗ്’ എന്ന വക്കും ‘കല് ‘ എന്ന വാക്കും ചേര്‍ന്നാണ് ഹോഗനക്കല്‍ എന്ന പേരുണ്ടായത് എന്നാണു വിശ്വാസം. അതായത് ഹോഗ് (hog) എന്നാല്‍ മഞ്ഞും കല് (kal) എന്നാല്‍ കല്ലും. കര്‍ണ്ണാടകത്തിനും തമിഴ്നാടിനും ഇടയില്‍ കാവേരി വന്നു പതിയ്ക്കുന്നിടത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം. .ഇന്ത്യയുടെ നയാഗ്ര എന്ന് വരെ ഹോഗനക്കല്ലിനു പേരുണ്ട്.
ഹോസുര്‍ കൃഷ്ണഗിരി ധര്‍മപുരിവഴിയാണ് ഇവിടേയ്ക്ക് എത്താന്‍ കഴിയുന്നത്. ധാരമപുരി ആണ് അടുത്തുള്ളമോശമല്ലാത്ത ടൌണ്‍. റോജ, നരന്,ആരവം അങ്ങനെ പലസിനിമകളിലും കണ്ടു മറന്നരംഗങ്ങള്‍ മനസ്സില്‍ ഒന്ന് മിന്നിമറിയും ഇവിടേയ്ക്ക് വന്നാല്‍.പരശല്‍(coracle) എന്നു തമിഴര്‍ വിളിക്കുന്ന വട്ടക്കൊട്ടയിലെ സവാരിയാണ് ഹോഗനക്കലിലെ പ്രധാന വിനോദം. മണിക്കൂറിനു ഒരാള്‍ക്ക് 160 രൂപ വച്ചു 6 പേര്‍ക്കു കയറാവുന്നവയാണ് ഓരോ കുട്ടയും. മുളകൊണ്ട് നിര്‍മിച്ച്, അടിഭാഗം പ്ലാസ്റ്റിക്കും,ടാറും ഉപയോഗിച്ചു വെള്ളം കടക്കാതെ പൊതിഞ്ഞ ഈ വഞ്ചികളിലെ സവാരി രസകരം. രണ്ടുപേര്‍ക്ക് 800 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. വെള്ളം കുറയുമ്പോള്‍ മാത്രമെ ഈ സവാരി ഇവിടെ സാധ്യമാവൂ. ഒന്നുകില്‍ സവാരി അല്ലെങ്കില്‍ വെള്ളച്ചാട്ടത്തിന്റെ പൂര്‍ണ്ണത കാണുക. രണ്ടിലൊന്നു മാത്രമെ ഒരു യാത്രയില്‍ മിക്കവാറും നടക്കൂ.
അഞ്ച് രൂപക്കു വേണ്ടി പാറക്കെട്ടിന്റെ മുകളില്‍ നിന്നും താഴെ വെള്ളത്തിലേക്ക് ചാടുന്ന കുട്ടികള്‍ ഇവിടെ മുന്‍പ് ഉണ്ടായിരുന്നു. പോലീസിന്റെ ഇടപെടല്‍ മൂലം അപകടം പിടിച്ച ആ പരിപാടി ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. കടവില്‍ നിന്നും കുട്ടവഞ്ചിയില്‍ കയറുന്ന നമ്മള് അല്പ ദൂരത്തിനു ശേഷം മറുകരയില്‍ ചെല്ലുകയും, വീണ്ടും കുട്ടയില്‍ കയറി താഴെ നദിയിലൂടെ യാത്ര ചെയ്യുകയും ചെയ്യുന്നതാണ് രീതി.
വട്ടക്കുട്ടയില്‍ സഞ്ചരിക്കുന്ന കടകളും ഇവിടെയുണ്ട്. വെള്ളം കുടിക്കാനോ, സ്നാക്സ് കഴിക്കാനോ തോന്നിയാല്‍ പ്രയാസമൊന്നുമില്ല. ലൈഫ് ജാക്കറ്റുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇടാന്‍ യാത്രക്കാരും, നല്കാന് തുഴച്ചില്‍ക്കാരും വലിയ താല്പര്യം കാണിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. ആവശ്യപ്പെടുന്നവര്‍ക്കു അഞ്ചു രൂപാ നിരക്കില്‍ ജാക്കറ്റ് ലഭിക്കും. 100 അടിയില്‍ കൂടുതല്‍ ആഴമുണ്ട് ഇവിടെ എന്നോര്‍മ്മിക്കുക.വെളുപ്പിനു അഞ്ചരയോടെ ധര്‍മപുരിയിലെത്തുന്ന യശ്വന്ത്പൂര്‍ എക്സ്പ്രസ്സില്‍ ഹോഗനക്കലില്‍ എത്തുന്നതാണു സൗകര്യം. രാത്രി വണ്ടിക്ക് സേലത്തു നിന്നോ, ധര്‍മപുരിയില്‍ നിന്നോ മടങ്ങാം കേരളത്തിലെ യാത്രക്കാര്‍ക്ക്. മൈസൂര്‍ ബാംഗളൂര്‍ നിവാസികളുടെ വാരാന്ത്യ സന്ദര്‍ശന കേന്ദ്രം കൂടിയാണു ഹോഗനക്കല്‍.
അടുത്തിടെയ്ക്ക് കൊട്ടവഞ്ചിയില് സഞ്ചരിച്ച കുടുംബത്തിനെ മനപൂര്‍വ്വം വഞ്ചി മുക്കി കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം ഇവിടെ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടേയ്ക്ക് യാത്ര ചെയ്യുന്നവര്‍ ഒരല്പം മുന്‍കരുതല്‍ എടുക്കുന്നത് നന്നായിരിക്കും.