റിച്ചി എത്തുമ്പോള്‍ നിവിന്റെ പ്രതീക്ഷകള്‍ വാനോളം

0

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ നേരത്തിലൂടെയാണ് നിവിന്‍ പോളി തമിഴിലെത്തുന്നത്. മലയാള ചിത്രം പ്രേമം തമിഴ് നാട്ടിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. 200 ദിവസത്തിലധികം ചെന്നൈയിലെ തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ മറ്റൊരു നിവിന്‍ ചിത്രം കൂടി തമിഴ്നാട്ടില്‍ എത്തുകയാണ്. നേരം പോലെ ഒരേ സമയം രണ്ടു ഭാഷകളില്‍ എടുത്ത ചിത്രമല്ല ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിച്ചി. ഒരു പക്കാ തമിഴ് സിനിമ തന്നെയാണ് നിവിന്റെ റിച്ചി. കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന ചിത്രത്തിന്റെ റീമേക്കായ റിച്ചി സംവിധാനം ചെയ്യുന്നത് നവാഗതനായ ഗൗതം രാമചന്ദ്രനാണ്.ഡിസംബര്‍ 8നു ചിത്രം തിയറ്ററിലെത്തുകയാണ്.

ചിത്രത്തിലെ സൊല്ലത്താന്‍ നെനയ്ക്കിരെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  കന്നടതാരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. റിച്ചി എന്ന ലോക്കല്‍ റൗഡിയായിട്ടാണ് നിവിന്‍ പോളി എത്തുന്നത്. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ റിലീസിനു നിവിനുമായി പത്രപ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണത്തില്‍ നിന്നും:

ഫിലിം പ്രോമോഷനുകളെ കുറിച്ചു എന്താണ് അഭിപ്രായം ?

ഫിലിം പ്രോമോഷനുകള്‍ ചിത്രത്തിന്‍റെ വിജയത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഞാനും അതില്‍ പങ്കെടുക്കണം എന്നതും എനിക്ക് അറിയാം.

ആരാണ് നിവിന്റെ പ്രിയനടന്‍, നടി?

(ചിരിക്കുന്നു ) ഉണ്ട് ഒരുപാട് പേരുണ്ട്

മലയാളിയായ നിവിന്‍ എന്ത് കൊണ്ട് ഒരു കന്നഡ റിമേക്ക് സിനിമയുടെ തമിഴ്പതിപ്പില്‍ അഭിനയിക്കുന്നു ?

കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന ചിത്രത്തിന്റെ റീമേക്കാണ് റിച്ചി. എന്നാല്‍ കന്നടയില്‍ രക്ഷിത് ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് ഞാന്‍ ഈ സിനിമയെ സമീപിക്കുന്നത്. സംവിധായാകും അതിനു ശ്രമിച്ചു എന്ന് എനിക്കുറപ്പാണ്.

തമിഴ്സിനിമയെ എത്രത്തോളം ഗൗരവത്തില്‍ കാണുന്നു ?

മലയാളത്തെ അപേക്ഷിച്ചു തമിഴ്സിനിമാലോകം വളരെ വലുതാണ്‌. പക്ഷെ എല്ലാവര്ക്കും ഇവിടെ അവരവരുടെതായ ഇടമുണ്ട്. ആ ഒരു പോസിറ്റീവ് സമീപനമാണ് എന്നെ എവിടെ എത്തിച്ചത്.

റിച്ചിക്ക് ഡബ്ബ് ചെയ്യാന്‍ വേണ്ടി എന്തൊക്കെ ചെയ്തു ?

 

റിച്ചിയുടെ ഡബ്ബിംഗ് ഞാന്‍ തന്നെയാണ് ചെയ്തത്. അതിനായി നെല്ലയ് സ്ലാലാനഗ് പഠിച്ചു. ഒരു തീരദേശത്തെ അടിസ്ഥാനമാക്കിയ സിനിമയാണ് റിച്ചി. ഷൂട്ടിംഗ് തീരാന്‍ 28  ദിവസം എടുത്തപ്പോള്‍ ഡബ്ബിംഗിന്  55 ദിവസം വേണ്ടി വന്നു. മലയാളത്തില്‍ ഒരു സിനിമയ്ക്ക് ഡബ്ബിംഗ്  നടത്താന്‍ മൂന്നു ദിവസം മതിയെന്നത് ഓര്‍ക്കണം. അതുപോലെ റിച്ചിയിലെ പല ഡയലോഗുകളും മുന്‍കൂട്ടി പഠിക്കാതെയും റിഹേര്‍സല്‍ നടത്താതെയും പറഞ്ഞതാണ്. റിച്ചിയുടെ സ്വഭാവവും അതുപോലെ ആണ്. ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ആളാണ്‌ റിച്ചി.

സിനിമയില്‍ വന്നതോടെ ജീവിതം മാറിയോ ?

ഏറെക്കുറെ,ജീവിതത്തില്‍ കൂടുതല്‍ തിരക്കുകള്‍ വന്നു എന്നത് ശരിയാണ്. ചിലപ്പോഴൊക്കെ കുടുംബത്തെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാവരെയും പോലെ സിനിമാതാരങ്ങളും ജോലി ചെയ്യുന്നു. എല്ലാ ജോലിക്കും അതിന്റെതായ കഷ്ടപാടുകള്‍ ഉണ്ട്. സിനിമാതാരങ്ങളും മനുഷ്യര്‍ തന്നെയാണല്ലോ..