87 തസ്തികകളില്‍ പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിന് വിലക്കിയതിനു പിന്നാലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയുമായി വീണ്ടും ഒമാന്‍

0

ആറു മാസത്തേക്ക് 87 തസ്തികകളില്‍ പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം ദീര്‍ഘിപ്പിക്കാന്‍ ഒമാന്‍ ആലോചിക്കുന്നു. ഇതിലൂടെ സ്വദേശികള്‍ക്ക് തൊഴില്‍ മേഖലകളില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

87 തൊഴില്‍ മേഖലകള്‍ക്കുവേണ്ടി ഒമാനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള താല്‍ക്കാലിക നിരോധനമാണിതെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലെ പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സലിം അല്‍ ഹദ്‌റമി വ്യക്തമാക്കി.

നിലവില്‍ ആറുമാസത്തേക്ക് പ്രവാസികളെ 87 തസ്തികകളില്‍ വിലക്കിയിട്ടുണ്ട്. ഇതോടെ ഈ തൊഴിലുകള്‍ സ്വദേശികള്‍ക്ക് ലഭിക്കും. ഇനി പദ്ധതി ഓരോ ആറു മാസത്തിനു ശേഷവും തുടരുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന ഐടി, അക്കൗണ്ടിങ്, മാര്‍ക്കറ്റിംങ്, സെയില്‍സ്, അഡ്മിന്‍, മീഡിയ, മെഡിക്കല്‍, വിമാനത്താവളത്തിലെ ജോലികള്‍ എന്നീ മേഖലകളിലെ തൊഴില്‍ വിസ നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രവാസികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

നേരെത്ത ഒമാനില്‍ സ്വദേശിവത്കരണം കര്‍ശനമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. കൂടുതല്‍ സ്വദേശിക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് രാജ്യം സ്വീകരിക്കുന്നത്.