ഇന്തൊനീഷ്യയില്‍ 189 പേരുമായി കടലിൽ തകർന്നു വീണ ബോയിങ് 737 മാക്സ് വിമാനാപകടത്തില്‍ സര്‍വത്ര ദുരൂഹത.
വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു നടത്തിയ പഠനത്തിനു ശേഷമാണ് വെളിപ്പെടുത്തൽ.
നിരവധി പ്രശ്നങ്ങളുള്ള വിമാനമാണ് അന്ന് ടേക്ക് ഓഫ് ചെയ്തതെന്നാണ് പ്രഥമ റിപ്പോർട്ട്. വിമാനത്തിന് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മാനത്തിന്‍റെ എയർ സ്പീഡ് ഇൻഡിക്കേറ്റര്‍ നേരത്തെ നടത്തിയ നാലു യാത്രകളിലും തകരാറിലായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ശ്രേണിയിൽപ്പെട്ട വിമാനങ്ങളിൽ സമാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ആഗോള അടിസ്ഥാനത്തിൽ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് വിമാന നിർമാതാക്കളായ ബോയിങ്ങിനോടും യുഎസിനോടും അഭിപ്രായം ചോദിച്ചിട്ടുണ്ടെന്ന് ഇന്തൊനീഷ്യയുടെ ദേശീയ ഗതാഗത സുരക്ഷ കമ്മിറ്റി (കെഎന്‍കെടി) അധ്യക്ഷൻ വ്യക്തമാക്കി.
യന്ത്ര സംബന്ധമായ പ്രശ്നങ്ങളാണോ അതോ പരിപാലനത്തിലെ പ്രശ്നങ്ങളാണോ വിമാനം തകർന്നു വീണതിലേക്കു നയിച്ചതെന്ന് ഇനിയും ഉറപ്പിച്ചിട്ടില്ല. എന്തെല്ലാം അറ്റക്കുറ്റപണികളാണ് നടന്നതെന്നോ ഏതെല്ലാം ഭാഗങ്ങളാണോ മാറ്റി സ്ഥാപിച്ചതെന്നോ ഇതിനെല്ലാം ഇവർ ആശ്രയിച്ചത് എന്തിനെയാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്നു കെഎൻകെടി ഉപസമിതി അധ്യക്ഷൻ നുർച്ചായോ ഉട്ടാമോ ചൂണ്ടിക്കാട്ടി.
വിമാനം തകർന്നു വീണതിന്‍റെ കാരണം സംബന്ധിച്ച് ഇപ്പോഴൊരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നാണ് വ്യോമയാന സുരക്ഷ മേഖലയിലെ വിദഗ്ധരുടെയും അഭിപ്രായം. അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ വോയ്സ് റെക്കോര്‍ഡർ ഇതുവരെ കണ്ടെത്താനായിട്ടില്ല. പറന്നുയർന്നു കേവലം 13 മിനിറ്റുകൾക്കകമാണ് വിമാനം തകർന്നു വീണത്. ഈ സമയം പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണം ലഭിക്കുകയാണെങ്കിൽ അപകടത്തെക്കുറിച്ചു കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കാനിടയുണ്ട്.