കൈപ്പത്തിക്ക് കുത്തുമ്പോൾ താമര തെളിയുന്നു; വോട്ടിങ് യന്ത്രങ്ങള്‍ക്ക് വ്യാപക തകരാര്‍

0

കേരളത്തിൽ വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നതിനിടെ, വോട്ടിങ് യന്ത്രത്തിനെതിരേ വ്യാപക പരാതി. കോഴിക്കോട് നാദാപുരത്ത് മൂന്ന് പോളിങ് ബൂത്തുകളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസപ്പെട്ടു . കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ ആര്‍.സി അമല ബേസിക് സ്‌കൂളിലെ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി.

വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ആരോപണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തള്ളി. ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മോക് പോളിങിനിടെയാണ് പിഴവ് കണ്ടെത്തിയതെന്നാണ് കളക്ടറുടെ വിശദീകരണം. യന്ത്രം മാറ്റിയതിന് ശേഷമാണ് വോട്ടിങ് തുടങ്ങിയതെന്നും കളക്ടര്‍ പറയുന്നു.

കോവളത്തും ചേർത്തലയിലും രണ്ടു ബൂത്തുകളിൽ രേഖപ്പെടുത്തുന്ന വോട്ടുകൾ വീഴുന്നത് ബിജെപിക്കെന്ന് പരാതി. കോവളം ചൊവ്വര 151ാം ബൂത്തിലാണ് പ്രശ്‌നം. പ്രതിഷേധത്തെ തുടര്‍ന്ന് യന്ത്രം മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ട്. പോളിങ് യന്ത്രങ്ങൾക്കു തകരാറില്ലെന്ന് ഇലക്ഷൻ കമ്മിഷൻ ഉറപ്പു വരുത്തേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

ചേര്‍ത്തലയില്‍ കിഴക്കേ നാല്‍പതില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും സമാനമായ പരാതി ഉയര്‍ത്തിയിട്ടുണ്ട്. മോക്ക് പോളിനിടെ പോള്‍ ചെയ്യുന്ന വോട്ടുകളെല്ലാം ബിജെപിയ്ക്കാണ് രേഖപ്പെടുത്തുന്നതെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഇവിടെ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി. കൊല്ലം കൊട്ടാരക്കര അമ്പലക്കരയിലെ ബൂത്തിലും തകരാറായതിനെ തുടര്‍ന്ന് രണ്ടു യന്ത്രങ്ങള്‍ മാറ്റേണ്ടിവന്നു.

രാവിലെ ഏഴു മണിക്ക് തന്നെ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും ആരംഭിച്ച വോട്ടെടുപ്പിൽ, ആദ്യ മണിക്കൂറിൽ മികച്ച പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ആദ്യ മണിക്കൂറിൽ 4 % പോളിങ് രേഖപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. മിക്ക പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര തന്നെ കാണപ്പെടുന്നു.

സംസ്ഥാനത്തെ 2.61 കോടി വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയഭാവിയാണ് നിര്‍ണ്ണയിക്കുന്നത്. ഇവരിൽ 23 പേർ വനിതകളാണ്. 24,970 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുളളത്. ഇതിൽ വ​നി​ത​ക​ൾ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന 240 പോ​ളി​ങ്​ ബൂ​ത്തു​ക​ളുണ്ട്. പ്രശ്നസാധ്യതയുള്ള 3,621 ബൂത്തുകളാണുള്ളത്. 3621 ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്​​റ്റി​ങ്​ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 219 ബൂത്തുകളുണ്ട്. 57 കമ്പനി കേന്ദ്രസേനയും കേരള, തമിഴ്നാട്, കര്‍ണ്ണാടക പൊലീസും ശക്തമായ സുരക്ഷ ഒരുക്കുന്നു.