നിര്‍മാതാക്കള്‍ എന്‍റെ ഭാഗം കേട്ടില്ല: വിലക്ക് അംഗീകരിക്കില്ലെന്ന് ഷെയ്ൻ നിഗം

0

കൊച്ചി: സിനിമാ രംഗത്തെ തനിക്കെതിരായ വിലക്ക് അംഗീകരിക്കില്ലെന്ന് നടൻ ഷെയ്ൻ നിഗം. തന്റെ ഭാഗം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഷെയ്‌ൻ നിഗം പറഞ്ഞു. തന്റെ ഭാഗം ആരും കേട്ടില്ല. ഔദ്യോഗികമായി ആരും വിളിക്കുകയോ കാര്യങ്ങൾ തിരക്കുകയോ ചെയ്തിട്ടില്ല. അഭിനയമല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും ഷെയ്‌ൻ പറഞ്ഞു. മറ്റ് വിഷയങ്ങളോടൊന്നും ഷെയ്‌ൻ പ്രതികരിച്ചില്ല.

വിലക്കു വന്നതോടെ മുടങ്ങിയ 2 ചിത്രങ്ങളുൾപ്പെടെ ആറു സിനിമകളിൽ നിന്നാണ് ഷെയ്നു പുറത്തുപോകേണ്ടിവരിക. നടന്‍ ഷെയ്ന്‍ നിഗമിനെ ഇനി സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നുമായിരുന്നു നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപിച്ചത്. ഷെയ്ന്‍ കരാര്‍ ലംഘിച്ച രണ്ട് സിനിമ‌കളും വേണ്ടെന്നുവച്ച നിര്‍മാതാക്കള്‍ നഷ്ടം നികത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സിനിമാരംഗത്തെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കള്‍ അന്വേഷണം ആവശ്യപ്പെട്ടു.

കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നിർമാതാക്കളുടെ സംഘടന ഷെയ്‌ൻ നിഗമിനെതിരെ നടപടി സ്വീകരിച്ച കാര്യം അറിയിച്ചത്. ‘വെയിൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.ഷെയ്ൻ നായകനായി അഭിനയിക്കുന്ന ‘കുർബാനി’, ‘വെയിൽ’ എന്നീ ചിത്രങ്ങൾ ഉപേക്ഷിച്ചതായും ഷെയ്ൻ കാരണം രണ്ടു ചിത്രങ്ങൾക്കും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചതായും സംഘടന വ്യക്തമാക്കി.

മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്നിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയേയും അറിയിച്ചിട്ടുണ്ടെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. അന്യഭാഷാ ചിത്രങ്ങളിലെ സംഘടനകളോടും ഇക്കാര്യം സംസാരിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.ഷെയ്നിന്റെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചിട്ടും സഹകരിച്ചില്ലെന്നും സൂപ്പർസ്റ്റാറുകൾക്കു പോലുമില്ലാത്ത പെരുമാറ്റമാണ് ഷെയ്നിൽ നിന്നും ഉണ്ടായതെന്നും നിർമാതാക്കൾ പറഞ്ഞു.