ന്യൂഡൽഹി: മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാർറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്ന് പത്താൻ അറിയിച്ചു. പരിക്കും ഫോമില്ലായ്മയും മൂലം ഏറെക്കാലമായി ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്ന പത്താൻ 2017നു ശേഷം ഐപിഎൽ മത്സരങ്ങലും കളിച്ചിട്ടില്ല.
2003ല്‍ ഓസ്ട്രേലിയക്കെതിരെയാണ് പത്താൻ അരങ്ങേറിയത്. അന്ന് അദ്ദേഹത്തിന് വെറും 19 വയസായിരുന്നു പ്രായം. ആദ്യ ടെസ്റ്റില്‍ പക്ഷേ, ഒരു വിക്കറ്റ് വീവ്ത്താൻ മാത്രമേ പത്താനായുള്ളു. എന്നാൽ പിന്നീട് അങ്ങോട്ട് പത്താൻ ഇന്ത്യയുടെ കുന്തമുനകളിലൊന്നായി മാറി. 2006ലെ പാക് പര്യടനത്തിൽ പത്താൻ കൊടുങ്കാറ്റായി. കറാച്ചി ടെസ്റ്റില്‍ ആദ്യ ഓവറുകളില്‍ ഹാട്രിക്കുമായി തിളങ്ങിയ പത്താന് ഏകദിനത്തിലും പിന്നീടുവന്ന ട്വന്റി- 20യിലും തന്റേതായ ഇടം കണ്ടെത്തി.
സ്വിംഗുകളായിരുന്നു പത്താന്റെ ബോളിംഗിലെ പ്രത്യേകത. ഒരുവേള, പാക് ബൗളിംഗ് ഇതിഹാസം വസീം അക്രത്തോട് പോലും പത്താനെ ആരാധകർ താരതമ്യപ്പെടുത്തി. 2007ലെ ആദ്യ ട്വന്റി- 20 ലോകകപ്പിലും പത്താന്റെ പ്രകടനം ടീമിന് മുതൽ കൂട്ടായി. പിന്നീട് ഓൾറൗണ്ടർ പരിവേഷമായിരുന്നു പത്താന്. എന്നാൽ, ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ പത്താന്റെ ബോളിംഗിന്റെ മൂർച്ച കുറഞ്ഞു. ഇതോടെ ടീമിന് പുറത്തേക്കുള്ള വഴിയും തുറന്നു.
പിന്നീട് നിരവധി തവണ നീലക്കുപ്പായത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ പ്രതാപത്തിന്റെ നിഴൽ പോലുമാകാൻ പത്താനായില്ല. ഇതോടെ ടീമിൽ നിന്ന് തഴയപ്പെട്ടു. എന്നാൽ ഐപിഎൽ മത്സരങ്ങളിൽ സജീവമായിരുന്നു പത്താൻ. ഡൽഹിക്കും, പഞ്ചാബിനുമെല്ലാം വേണ്ടി കുപ്പായമണിഞ്ഞ പത്താന് ഫോം നഷ്ടം ഇവിടെയും വിനയായി. 2017നു ശേഷം ഒരു ഐപിഎൽ മത്സരം പോലും പത്താൻ കളിച്ചിട്ടില്ല.
ഒരു മദ്രസ അധ്യാപകന്റെ മകനായി വഡോദരയിൽ ജനിച്ചുവീണ ഇർഫാൻ പഠാന്റെ ഇന്ത്യൻ ടീം അരങ്ങേറ്റം ആരാധകരുടെ ആവേശമായിരുന്നു അന്ന്. പന്തിനെ സ്വിങ് ചെയ്യാനുള്ള കഴിവുകൊണ്ടാണ് ആരാധകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയവൻ. ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടിയമന്ത്രികൻ.
2006 ൽ കറാച്ചിയിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയതാണ് പാക്കിസ്ഥാൻ. പഠാന്റെ ആദ്യ ഓവറിലെ മൂന്നു ബോളും ഡോട് ബോൾ. നാലാം പന്തിൽ സൽമാൻ ബട്ട്, അഞ്ചാം പന്തിൽ യൂനിസ് ഖാൻ, അവസാന പന്തിൽ മുഹമ്മദ് യൂസഫ്. മൂന്നും ലോകോത്തര ബാറ്റ്സ്മാൻമാർ. മൂന്നുപേർക്കും പന്ത് ശരിക്കു കാണാൻ പോലും അവസരം നൽകാതെയാണ് പഠാൻ പൂജ്യത്തിന് മൂന്ന് എന്ന സ്കോർ ബോർഡ് സൃഷ്ടിച്ചത്.
ഇന്ത്യക്കായി 29 ടെസ്റ്റുകളിൽ പന്തെറിഞ്ഞ പത്താന് 100 വിക്കറ്റും 1,105 റണ്‍സും നേടി. 120 ഏകദിനങ്ങളിൽ നിന്ന് 173 വിക്കറ്റുകൾ പിഴുത പത്താൻ 1,544 റൺസും നേടി. 24 ട്വന്റി- 20 മത്സരങ്ങളില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. നിലവിൽ കശ്മീർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും മെന്ററുമാണ് പത്താൻ.