ആലപ്പുഴ: ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട്ടില്‍നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32) പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മു ന്പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘമെന്നാണ് സംശയം.
വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലംപ്രയോഗിച്ച് ബിന്ദുവിനെ തട്ടികൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ മാന്നാര്‍ പോലീസ് കേസെടുത്തു. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ബിന്ദു.
15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്-പതിനഞ്ച് പേര് കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വാതില്‍ പൊളിച്ച് അക്രമികള്‍ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുകാർ ആരോപിച്ചു.
വീട്ടിലെത്തിയതു മുതൽ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലർ വീട്ടിൽ എത്തിയിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകി. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി.ആക്രമണത്തിൽ വീട്ടുകാർക്കും പരുക്കേറ്റു. വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ബിനോയ് പ്രതികരിച്ചു. സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചപ്പോൾ ആള് മാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബിന്ദുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്.