കണ്ടുപഠിക്കട്ടെ സിംഗപ്പൂര്‍ നിയമം,6 സെക്കന്റ്‌ വൈകിയാല്‍ ബസുകള്‍ക്ക് ഫൈന്‍ 2 ലക്ഷം രൂപ

0

 

സിംഗപ്പൂര്‍ : നിലത്ത് തുപ്പിയാല്‍ ഫൈന്‍ കൊടുക്കുന്ന തരത്തില്‍ കര്‍ശനനിയമമുള്ള സിംഗപ്പൂര്‍ കൊണ്ടുവന്ന മറ്റൊരു നിയമവും ശ്രദ്ധിക്കപ്പെടുന്നു.6 സെക്കന്റ് വൈകിയാല്‍ ഇനിമുതല്‍ പബ്ലിക് ബസുകള്‍ക്ക് ലഭിക്കുന്ന ഫൈന്‍ ഏകദേശം 4000 ഡോളര്‍ വരെയാണ്.അതായത് വെറും ഒരു മിനിറ്റ് വൈകിപ്പോയാല്‍ ബസുകള്‍ക്ക് ഫൈന്‍ ആയി ലഭിക്കുന്നത് 20 ലക്ഷം രൂപ. കൂടുതല്‍ ഫൈന്‍ വാങ്ങി സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കാനുള്ള നടപടിയാണെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാനും വയ്യ.കാരണം മികച്ച രീതിയില്‍ സര്‍വീസ് നടത്തിയാല്‍ ബസുകള്‍ക്ക് 6000 ഡോളര്‍ വരെ സമ്മാനമായും നല്‍കാനാണ് ലാന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം .
 
തിരക്കുള്ള സമയങ്ങളില്‍ ബസിന് വേണ്ടിയുള്ള കാത്തിരിപ്പുസമയം 5 മിനിറ്റ് മുതല്‍ 13 മിനിറ്റ് വരെയാണ്.എന്നാല്‍ ചില സമയങ്ങളില്‍ ഇതു പാലിക്കപ്പെടുന്നില്ല എന്ന പരാതിയെത്തുടര്‍ന്ന് 800 ബസുകള്‍ കൂടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിരത്തിലിറക്കിയിട്ടുണ്ട്.അതുകൊണ്ട് ഇനിമുതല്‍ ബസുകള്‍ വൈകിയോടുന്ന തരത്തിലുള്ള കാര്യങ്ങള്‍ അന്ഗീകരിക്കാനാകില്ലെന്നാണ് LTA പറയുന്നത് .6 മാസത്തെ ശരാശരി കൂട്ടിയാണ് സമയം കണക്കാക്കുന്നത്.അതായതു ഒരു ബസ് 6 സെക്കന്റ് വൈകിയെന്നത് കൊണ്ട് 4000 ഡോളര്‍ ഫൈന്‍ ഈടാക്കുകയില്ല .
 
യാത്രക്കാര്‍ ബസ് സ്റ്റോപ്പില്‍ കാത്തിരിക്കേണ്ടിവരുന്ന സമയവും ,ബസുകള്‍ സ്റ്റോപ്പില്‍ എത്തുവാന്‍ എടുക്കുന്ന സമയവും കണക്കുകൂട്ടിയാണ് ഫൈന്‍ ഈടാക്കുന്നത് .തുടക്കത്തില്‍ 22 ബസ് സര്‍വീസുകള്‍ ഇത്തരത്തില്‍ നിരീക്ഷനവിധേയമാക്കും.എന്നാല്‍ പുതിയ നിയമം കൊണ്ട് തങ്ങള്‍ക്കു യാതൊരു ഗുണവും ഇല്ലെന്നാണ് ചില യാത്രക്കാര്‍ പറയുന്നത്.ബസുകള്‍ സമയം പാലിക്കാന്‍ വേണ്ടി വേഗത്തില്‍ ഓടുന്നതുകൊണ്ട് അപകടങ്ങള്‍ വര്‍ദ്ധിക്കുമെന്നും ,യാത്രക്കാരെ പെട്ടെന്ന് ബസില്‍ കയറ്റുവാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുമെന്നാണ് അവര്‍ പറയുന്നത് .നിലവില്‍ ദൂരെ നിന്ന് യാത്രക്കാരെ കണ്ടാല്‍ ഡ്രൈവര്‍മാര്‍ അല്‍പ്പനേരം കാത്തിരിക്കുകയും ,പ്രായമായവര്‍ സീറ്റില്‍ ഇരുന്നു എന്ന് ഉറപ്പുവരുത്തിയശേഷവും മാത്രം ബസ് ഓടിക്കുവാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുന്നതും ഇതുമൂലം ഇല്ലാതാകുമെന്നാണ് വിലയിരുത്തുന്നത്.എന്തുതന്നെയായാലും പുതിയ നിയമവും മറ്റു രാജ്യങ്ങളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് .പലപ്പോഴും പൊതുബസുകള്‍ മണിക്കൂറുകള്‍ വൈകി ഓടിയാല്‍ പോലും യാതൊരു നടപടിയും കൈക്കൊള്ളുവാന്‍ പല രാജ്യങ്ങളും ശ്രമിക്കാറില്ല.