തിരുവനന്തപുരം: കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്ലസ്ടു ആന്ത്രപ്പോളജി ടെക്സ്റ്റ് ബുക്കില്‍ ആന്ത്രപ്പോളജിസ്റ്റ് എ. അയ്യപ്പന് പകരം വെച്ചത് കവി എ. അയ്യപ്പന്റെ ചിത്രം. ‘ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി’ എന്ന പത്താം അധ്യായത്തിലാണ് ആന്ത്രപ്പോളജിസ്റ്റ് എ. അയ്യപ്പനെ പരിചയപ്പെടുത്തുന്നത്.
എ. അയ്യപ്പന്റെ ജീവചരിത്രം വിശദമായി ഈ ഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ പാവറിട്ടിയില് ജനിച്ച എ. അയ്യപ്പന് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ലണ്ടനില്‍ നിന്ന് പി.എച്ച്ഡിയും നേടിയതായും പുസ്കത്തിൽ വിവരിക്കുന്നുണ്ട്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആദ്യ ചെയർമാനാണെന്നതും കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നതുമൊക്കെ പറയുന്നുണ്ട്. പരിചയപ്പെടുത്തൽ പക്ഷേ കവി എ അയ്യപ്പന്റെ ചിത്രത്തിലൂടെയാണെന്ന് മാത്രം.
2015 മുതൽ ഇതേ ചിത്രമാണ് ഉപയോഗിക്കുന്നത്. അധികം കുട്ടികൾ ഈ വിഷയം പഠിക്കാനില്ലാത്തതിനായി പിഴവ് തിരുത്താതെ അതേപടി തുടരുകയാണെന്നാണ് അറിയുന്നത്. എന്നാൽ മലയാളം പുസ്തകത്തിൽ പടം കൊടുത്തിട്ടില്ല. സംഭവം ചർച്ചയായതോടെ ചിത്രം മാറ്റി യഥാർത്ഥ ചിത്രം നൽകുമെന്ന് ഹയർസെക്കൻണ്ടറി വകുപ്പ് അറിയിച്ചു.