രസതന്ത്രത്തിനുള്ള നൊബല്‍ സമ്മാനം മൈക്രോസ്‌കോപ്പി പരിഷ്കാരത്തിന്

0

സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിലുള്ള ഈ വര്‍ഷത്തെ നൊബല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞരും ഒരു ജര്‍മ്മന്‍ ശാസ്ത്രജ്ഞനും പുരസ്‌കാരം പങ്കിട്ടു. എറിക് ബെറ്റ്‌സിഗ് (അമേരിക്ക), വില്യം. ഇ.മോര്‍നര്‍ (അമേരിക്ക), സ്‌റ്റെഫാന്‍ ഡബ്ല്യൂ. ഹെല്‍ (ജര്‍മ്മനി) എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇവര്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ റിസോള്‍വ്ഡ് ഫ്‌ളുറെസെന്‍സ് മൈക്രോസ്‌കോപ്പി നാനോ പഠനത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം.

സാധാരണ സൂക്ഷ്മ ദര്‍ശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫ്ലൂറസെന്‍റ് തന്മാത്രകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഫ്ലൂറസെന്‍സ് മൈക്രോസ്‌കോപ്പ് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. സാധാരണ മൈക്രോസ്‌കോപ്പിന്‍റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണ് ഇവരുടേതെന്ന് നൊബല്‍ കമ്മിറ്റി അറിയിച്ചു.

നാനോസ്‌കോപ്പി എന്ന് പൊതുവില്‍ അറിയിപ്പെടുന്ന ഈ സംവിധാനം ജീവകോശങ്ങളിലെ ഓരോ കണികയേയും തിരിച്ചറിയാന്‍ ഗവേഷകരെ പ്രാപ്തരാക്കുന്നു. പാര്‍ക്കിന്‍സണ്‍സ്,  അല്‍ഷൈമേഴ്‌സ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഏറെ സഹായകരമായിരുന്നു ഈ കണ്ടുപിടുത്തം.
 

1960 ല്‍ അമേരിക്കയില്‍ ജനിച്ച ബെറ്റ്‌സിഗ് അമേരിക്കയിലെ ഹവാര്‍ഡ് ഹഗസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 1953 ല്‍ അമേരിക്കയില്‍ ജനിച്ച വില്യം ഇ. മേര്‍ണര്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകാലാശാലയിലെ പ്രൊഫസറാണ്. 1962 ല്‍ റുമാനിയയില്‍  ജനിച്ച സ്‌റ്റെഫാന്‍ ഹെല്‍ ജര്‍മന്‍ കാന്‍സര്‍ റിസേര്‍ച്ചിന്‍റെ മേധാവിയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വൈദ്യശാസ്ത്രത്തിലും ഊര്‍ജ്ജശാസ്ത്രത്തിലുമുള്ള നൊബല്‍ പുരസ്‌കാരങ്ങള്‍ മൂന്നു പേര്‍ വീതം പങ്കിട്ടിരുന്നു.