ആഭരണം കുറയ്ക്കണം, ഡ്യൂട്ടിഫ്രീ ഷോപ്പിങ് വേണ്ട; ക്യാബിന്‍ ക്രൂവിന് എയര്‍ ഇന്ത്യ നിര്‍ദ്ദേശങ്ങള്‍

0

ക്യാബിന്‍ ക്രൂവിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി എയര്‍ ഇന്ത്യ. ആഭരണങ്ങള്‍ പരമാവധി കുറയ്ക്കുക), ഡ്യൂട്ടി ഫ്രീ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാതിരിക്കുക എന്നിങ്ങനെ ഏതാനും പുതിയ നിര്‍ദ്ദേശങ്ങളാണ് ഞായറാഴ്ച എയര്‍ ഇന്ത്യ തങ്ങളുടെ ക്യാബിന്‍ ക്രൂവിന് നല്‍കിയിട്ടുള്ളത്. എയര്‍ലൈന്റെ പ്രവര്‍ത്തന മികവ് ഉയര്‍ത്താനായാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.

എയര്‍ ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

യൂണിഫോം നിബന്ധനകള്‍ ക്യാബിന്‍ ക്രൂ കര്‍ശനമായി പാലിക്കണം. കസ്റ്റംസ്, സുരക്ഷാ പരിശോധനകളില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത് ഒഴിവാക്കാനായി പരമാവധി കുറച്ച് ആഭരണങ്ങള്‍ മാത്രം ധരിക്കുക.
ഇമ്മിഗ്രേഷന്‍, സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കയറാതെ ബോര്‍ഡിങ് ഗേറ്റിലേക്ക് പോകണം.

ക്യാബിന്‍ ക്രൂവിലെ എല്ലാവരും ക്യാബിനില്‍ ഉണ്ടെന്ന് ക്യാബിന്‍ സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തണം. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പോ യാത്രക്കാരുടെ ബോര്‍ഡിങ് സമയത്തോ ക്യാബിന്‍ ക്രൂ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.ബോര്‍ഡിങ് വേഗത്തിലാക്കാന്‍ യാത്രക്കാരെ സഹായിക്കുക.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഭാര പരിശോധനയടക്കം നടത്തണമെന്ന എയര്‍ ഇന്ത്യയുടെ സര്‍ക്കുലറിനെതിരെ ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് എയര്‍ലൈന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.