കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മോഡല്‍ ഷഹനയുടെ ഭര്‍ത്താവ് ലഹരിക്കടിമയെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജ്ജാദ് ലഹരിമരുന്ന് കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. സജ്ജാദിന്റെ വീട്ടില്‍നിന്ന് ലഹരിമരുന്നും അനുബന്ധ വസ്തുക്കളും പിടിച്ചെടുത്തു.
എംഡിഎമ്മും കഞ്ചാവും നിരന്തരം ഉപയോഗിക്കുന്നയാളും കഞ്ചാവിന്റെ ചെറുകിട വില്പനക്കാരനുമാണ് സജാദ്. മരിച്ച ദിവസം ഷഹാനയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നുമാണ് ഷഹാനയുടെ ഉമ്മ വ്യക്തമാക്കുന്നത്. കൂടുതൽ സ്വർണം നൽകിയില്ലെങ്കിൽ മകളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിൽ സജാദിന്റെ കുടുംബത്തിനും പങ്കുണ്ടെന്നും ഉമ്മ ആരോപിക്കുന്നു.
ഷഹനയുടേത് ആത്മഹത്യയാണോയെന്ന് ഉറപ്പിക്കാന്‍ ഇന്ന് വീട്ടില്‍ ശാസ്ത്രീയ പരിശോധന നടത്തും. പറമ്പില്‍ ബസാറിലെ വീട്ടിലാണു ശാസ്ത്രീയ പരിശോധന. ആത്മഹത്യ ആണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് സജ്ജാദിനെ കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി കബറടക്കി.
സജ്ജാദിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലം ഷഹാന തൂങ്ങി മരിക്കുകയായിരുന്നുവെന്ന് എസിപി കെ.സുദർശനൻ പറഞ്ഞു. ജനലിന്റെ അഴിയിൽ ഷഹാന തൂങ്ങി മരിച്ചെന്നാണു സജ്ജാദ് മൊഴി നൽകിയതെന്ന് എസിപി വ്യക്തമാക്കി. ഷഹാനയ്ക്കു ക്രൂരമായ മർദനം ഏറ്റിരുന്നു. ശരീരത്തിൽ പരുക്കുകളും മുറിവുകളും കണ്ടെത്തി.
സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. എന്നാല്‍ ശരീരത്തില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.
മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിന്റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498എ), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയില്‍ ഷഹാന അവശയായി കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.