കൊച്ചി: മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതൽ വിവഹാ ഷൂട്ടിന് അനുമതി. സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് കേരളത്തിൽ ട്രെന്റിംഗ് ആയ സാഹചര്യത്തിൽ മെട്രോയിൽ നിന്നുള്ള വധൂവരന്മാരുടെ കിടിലൻ ഫോട്ടോകളും ഇനി കാണാം. കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരീക്ഷണം. വിവാഹ ഷൂട്ടിനായി മെട്രോയെ വാടകയ്ക്ക് നൽകുന്നതിലൂടെ ഈ രംഗത്തെ പുതിയ പരീക്ഷണങ്ങളായിരിക്കും വരും ദിവസങ്ങളിൽ സംഭവിക്കുക.
ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാം, മറ്റ് തടസങ്ങളില്ല. എന്നാൽ ഓരോന്നിനും നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചിന് 12000 രൂപ നിരക്ക് വരും.
സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യണമെങ്കിൽ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ്. മാത്രമല്ല, ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നൽകണം. ഷൂട്ട് കഴിയുമ്പോൾ ഈ തുക തിരിച്ച് നൽകും.