പരുത്തിവീരൻ പ്രശ്നം: മാപ്പുചോദിച്ച് ജ്ഞാനവേൽ രാജ

0

പരുത്തിവീരൻ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് തമിഴ് സിനിമയിലുയർന്ന വിവാദം വീണ്ടും ചൂടുപിടിക്കുന്നു. സംഭവത്തിൽ നിർമാതാവ് കെ.ഇ.ജ്ഞാനവേൽ രാജ ക്ഷമാപണമാണെന്ന മറുചോദ്യവുമായി നടനും സംവിധായകനുമായ ശശികുമാറും രം​ഗത്തെത്തി. വിഷയത്തിൽ പരുത്തിവീരൻ സിനിമയുടെ സംവിധായകൻ അമീറിന് ചലച്ചിത്ര പ്രവർത്തകരുടെ ഭാ​ഗത്തുനിന്നുള്ള പിന്തുണ കൂടുകയാണ്.

2007-ൽ പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന ചിത്രത്തിന്റെ നിർമാണത്തിന്റെ മറവിൽ ഈ ചിത്രത്തിന്റെ സംവിധായകൻ അമീർ തട്ടിപ്പ് നടത്തിയെന്ന് നിർമാതാവ് കെ.ഇ.ജ്ഞാനവേൽ രാജ ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ ഈ വിഷയത്തിൽ സംവിധായകൻ അമീറിനെ പിന്തുണച്ചും ജ്ഞാനവേൽ രാജയെ രൂക്ഷമായി വിമർശിച്ചും നിരവധി ചലച്ചിത്രപ്രവർത്തകരാണ് രം​ഗത്തെത്തിയത്. ഈയവസരത്തിലാണ് ജ്ഞാനവേൽ രാജ ക്ഷമാപണവുമായെത്തിയത്.

അമീറിനെ സഹോദരാ എന്നാണ് വിളിച്ചിരുന്നതെന്നും അമീർ അടുത്തിടെ നടത്തിയ അഭിമുഖത്തിൽപ്പറഞ്ഞ കാര്യങ്ങൾ വേദനിപ്പിച്ചെന്നും ജ്ഞാനവേൽ രാജ പറഞ്ഞു. അദ്ദേഹത്തിനുള്ള മറുപടി പറയുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ അതിൽ ആത്മാർത്ഥമായി വേദനിക്കുന്നു. എല്ലാവരേയും താങ്ങിനിർത്തുനിർത്തുന്ന സിനിമാ വ്യവസായത്തോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും ജ്ഞാനവേൽ രാജ കുറിപ്പിൽ പറഞ്ഞു.

അതേസമയം ജ്ഞാനവേൽ രാജയുടെ ക്ഷമാപണക്കുറിപ്പിനെതിരെ നടനും സംവിധായകനുമായ എം.ശശികുമാർ രം​ഗത്തുവന്നു. എന്തുതരം ക്ഷമാപണമാണിതെന്ന് അദ്ദേഹം ചോദിച്ചു. ഞാനുപയോഗിച്ച ചില വാക്കുകൾ അപകീർത്തികരമാണെങ്കിൽ…ജ്ഞാനവേൽ രാജ പറയുന്നു. അങ്ങനെയെങ്കിൽ എന്തെല്ലാമാണ് ആ കുറച്ച് വാക്കുകൾ. ഒരാളെ മനപ്പൂർവം അപമാനിക്കുകയും പിന്നീട് അയാളോട് സഹതപിക്കുകയും ചെയ്യുന്നത് എന്തുതരം ഖേദമാണ്? ഇതിലൂടെ അമീർ അണ്ണനോട് എന്താണ് ജ്ഞാനവേൽ രാജയ്ക്ക് പറയാനുള്ളത്? പേരില്ലാത്ത ആ കത്ത് ആർക്ക്?എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ശശികുമാർ ചോദിച്ചു.

കാർത്തിയെ തമിഴ് സിനിമയിൽ ആദ്യമായി അവതരിപ്പിച്ച ചിത്രമാണ് 2007-ൽ പുറത്തിറങ്ങിയ പരുത്തിവീരൻ. പ്രിയാമണിയായിരുന്നു നായിക. സംവിധായകൻ അമീർ തന്നെയാണ് തിരക്കഥയും എഴുതിയത്. ടീം വർക്കിന്റെ ബാനറിൽ അമീർ നിർമിച്ച ചിത്രം മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലൂടെ 2007-ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയാമണിക്കും എഡിറ്റർക്കുള്ള ദേശീയ പുരസ്കാരം രാജാ മൊഹമ്മദിനും ലഭിച്ചു.