ചിത്രക്കെതിരേ വിമർശനം, പിന്നാലെ സൈബർ ആക്രമണം; ഗായക സംഘടനയില്‍ നിന്ന് രാജിവച്ച് സൂരജ് സന്തോഷ്

0

തിരുവനന്തപുരം: സിനിമ ഗായകരുടെ സംഘടനയായ ‘സമ’യിൽ (സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവിസ്) നിന്നും രാജിവച്ച് സൂരജ് സന്തോഷ്. സൈബർ ആക്രമണത്തിൽ തന്നെ സംഘടന പിന്തുണച്ചില്ല എന്ന് കാട്ടിയാണ് രാജി. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഗായിക കെ.എസ്. ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ സൂരജിനെതിരേ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ചിത്ര ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്‍റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്‍റെ പ്രതികരണം. ശേഷം വന്‍ സൈബര്‍ ആക്രമണവും വിമര്‍ശനമാണ് സൂരജിന് നേരെ നടന്നത്.

തനിക്കെതിരേ ഇപ്പോൾ സംഘടിത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും. ഇതിനുമുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത് അതിരുകടന്നതാണെന്നായിരുന്നു സൂരജിന്‍റെ പ്രതികരണം. നിയമനടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കിയ സൂരജ് താൻ തളരില്ല, തളർത്താൻ പറ്റില്ല എന്നും കൂട്ടിച്ചേർത്തിരുന്നു.