സിനിമാകഥകളെ വെല്ലുന്ന സംഭവങ്ങള്‍ക്ക് ആയിരുന്നു കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ നഗരവും സോഷ്യല്‍ മീഡിയയും സാക്ഷ്യം വഹിച്ചത്. ബംഗളൂരുവിൽ സ്കൂളിലേക്ക് പോയ പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായ വാര്‍ത്ത ഇതിനോടകം നാമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 24 നാണ് ഐടി ഉദ്യോഗസ്ഥനായ എസ്.കെ. മധുകിരണിന്റേയും പത്മിനിയുടേയും മകൾ പൂജിതയെ കാണാതാവുന്നത്. ഉടൻതന്നെ മാതാപിതാക്കൾ ശ്രീരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനോടൊപ്പം തന്നെ ഐടി വിദഗ്ദനായ പിതാവ് മധുകിരൺ ടെക് നഗരമായ ബംഗളൂരുവിൽ കുട്ടിയെ കണ്ടെത്തുന്നതിനായി ഒരു വെബ്സൈറ്റും ഉണ്ടാക്കിയിരുന്നു. കുട്ടിക്കായി ഇതോടെ സാമൂഹ്യമാധ്യമങ്ങളും കൈകോര്‍ത്തു.കുട്ടിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്സൈറ്റു വഴി അറിയാന്‍ കഴിയുമായിരുന്നു .
മൂന്നു ദിവസവും കുട്ടിയെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ ഈ ദിവസങ്ങളിലെല്ലാം ബംഗളൂരുവിലെ ടെക്ക് ലോകം ഒന്നടങ്കം കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരുന്നു.ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് നാലാം നാള് പൂജിതയെ കണ്ടെത്തി .പിന്നീട് കുട്ടിയെ കണ്ടെത്തിയ വിവരം വൈബ്സൈറ്റ് വഴി അച്ഛൻ തന്നെയാണ് എല്ലാവരെയും അറിയിച്ചത്. കുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു മധുകിരണിന്റെ പോസ്റ്റ്.
എട്ടാം ക്ലാസിൽ പഠിക്കുന്ന പൂജിതയ്ക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് വീട് വിട്ട് പോകാന്‍ കാരണം എന്നാണ് പറയപെടുന്നത് .മറ്റു അപകടങ്ങളില്‍ ഒന്നും പെടാതെ കുട്ടിയെ രക്ഷപെടുത്താന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ഇപ്പോള്‍ മാതാപിതാക്കളും, ടെക് ലോകവും.