ആറ്റുകാല്‍ പൊങ്കാല ഇന്ന്

0

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം 10.50നാണ് ക്ഷേത്രത്തില്‍ തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്.

ക്ഷേത്രത്തിന് മുന്നിലിരിക്കുന്ന തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്നെ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി പി ഈശ്വരന്‍ നമ്പൂതിരിക്ക് കൈമാറും.

വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാലനിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിനു വരവേല്‍പ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കില്ല.

പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പ്രധാന ചടങ്ങായ കുത്തിയയോട്ടം ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. 10 വയസിനും 12 വയസിനും മദ്ധ്യേയുളള ബാലികമാർക്ക് മാത്രമാണ് താലപ്പൊലിയിൽ പങ്കെടുക്കാൻ അനുമതി ഉള്ളത്. പൊങ്കാല ശേഷം രാത്രി ഏഴരയോടെ ആചാരപ്രകാരം പുറത്തെഴുന്നള്ളിപ്പ് നടത്തും. രാത്രി 11 മണിയോട് കൂടി എഴുന്നള്ളിപ്പ് തിരികെ ക്ഷേത്രത്തിലെത്തും.