വിത്തുപൊതിഞ്ഞ വിരലുകൾ, വിണ്ടുകീറാത്ത ഓർമ്മകൾ

Share
വിത്തുപൊതിഞ്ഞ വിരലുകൾ, വിണ്ടുകീറാത്ത ഓർമ്മകൾ

ചെളിമണം മാറാത്ത കൈകളും വിത്തുപൊതിഞ്ഞ മടിയുമായി വയനാടൻ വയലോരങ്ങളിലൂടെ നടന്നുപോയ ആ മനുഷ്യൻ, വെറുമൊരു കർഷകനായിരുന്നില്ല; ഈ നാടിന്റെ പച്ചപ്പും സംസ്‌കാരവും വയലുകളിൽ മരിക്കാതെ കാത്ത അമരക്കാരനായിരുന്നു.

രാസവളങ്ങളുടെയും കോർപ്പറേറ്റ് വിത്തുവിപണികളുടെയും കടന്നുകയറ്റത്തിൽ നമ്മുടെ മണ്ണിലെ പഴയ നെല്ലിനങ്ങൾ ഓരോന്നായി കരിഞ്ഞുണങ്ങിയപ്പോഴും, ചെറുവയൽ രാമൻ എന്ന മനുഷ്യൻ തന്റെ നെഞ്ചോട് ചേർത്തുവെച്ചത് മാതാപിതാക്കൾ കൈമാറിയ തനത് നെൽവിത്തുകളായിരുന്നു. വയനാട്ടിലെ പുകഞ്ഞ കാറ്റിലും, പെയ്തുതോരാത്ത മഴയിലും അദ്ദേഹം കാത്തുസൂക്ഷിച്ചത് കേവലം വിത്തുകളെയല്ല, വരുംതലമുറയ്ക്കുള്ള ജീവന്റെ ശ്വാസമായിരുന്നു.

ചെറുവയൽ രാമൻ പ്രവാസി എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ (ഒരു ഫയൽ ചിത്രം )

ഒരു മനുഷ്യൻ, ഒരൊറ്റ വിത്തുബാങ്ക്

തൊണ്ടി, ചെന്നെല്ല്, ഗന്ധകശാല, വെളിയൻ, ചണ്ണമൊട്ട, മൂലങ്കഴമ, കുറുക്കൻ തൊണ്ടി, കറുത്ത ഞവര... പേരുപോലും മറന്നുപോയ നൂറ്റിൻപതോളവും നാടൻ നെൽവിത്തുകളാണ് രാമൻ ചേട്ടന്റെ വീട്ടിലെ മുറികളിൽ സുരക്ഷിതമായി ഉണങ്ങിയിരുന്നത്.

പണം കൊടുത്തു വാങ്ങാനല്ല, മറിച്ച് വിത്ത് ചോദിച്ചെത്തുന്നവർക്ക് അത് സൗജന്യമായി നൽകാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. എന്നാൽ ആ ദാനത്തിന് പിന്നിൽ ഒരു നിബന്ധന ഉണ്ടായിരുന്നു:

"ഈ വിത്ത് കൊണ്ടുപോയി വിളയിക്കണം. അടുത്ത വർഷം ഇതിന്റെ ഇരട്ടി വിത്ത് മറ്റൊരാൾക്ക് സ്നേഹത്തോടെ കൈമാറണം..."

മണ്ണിനോടും മനുഷ്യനോടുമുള്ള ഈ ലാഭേച്ഛയില്ലാത്ത അറിവുപങ്കുവെക്കലായിരുന്നു അദ്ദേഹത്തിന്റെ കൃഷിശാസ്ത്രവും ജീവിതദർശനവും.

എളിമയാർന്ന ജീവിതവും ലോകം നമിച്ച ആദരവും

പത്മശ്രീ പുരസ്കാരവും കർഷകശ്രീ ബഹുമതിയും തേടിയെത്തുമ്പോഴും, ഒരു വരിക്കപ്ലാവിന്റെ തണലിൽ ലളിതമായി ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ലോകത്തിലെ പ്രശസ്ത സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും കൃഷി സ്നേഹികളും വയനാട്ടിലെ ആ കൊച്ചു വീട്ടിലെത്തി പഠനം നടത്തിയപ്പോൾ, ഇന്ത്യയുടെ പാരമ്പര്യ കൃഷിരീതി ലോകത്തിനുമുന്നിൽ തലയുയർത്തി നിന്നു

കാലാവസ്ഥ മാറിമറിയുകയും പ്രകൃതി ദുരന്തങ്ങൾ ലോകത്തെ ഭയപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്ത്, "ഭക്ഷ്യസുരക്ഷ" എന്നാൽ എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് ലോകത്തെ ബോധ്യപ്പെടുത്തിയ പ്രകൃതിയുടെ കാവലാളായിരുന്നു ചെറുവയൽ രാമൻ.

അദ്ദേഹം എപ്പോഴും പറയുമായിരുന്നു:

"മണ്ണ് നമ്മുടെ അമ്മയാണ്. വിത്ത് ആ മണ്ണിൽ വസിക്കുന്ന തനിമയും. വിത്ത് നഷ്ടപ്പെട്ടാൽ വിണ്ടുകീറുന്നത് നമ്മുടെ സംസ്‌കാരമാണ്."

അതെ, ആ കാവലാൾ മണ്ണിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹം പാകിയ വിത്തുകൾ ഓരോ വയലിലും മുളച്ചുപൊന്തി തലയാട്ടുമ്പോൾ ചെറുവയൽ രാമൻ എന്ന പേര് ഇനിയും തളിർത്തുകൊണ്ടേയിരിക്കും. മണ്ണിലെഴുതിയ ആ വിത്തുപുരാണത്തിന് മുന്നിൽ തലകുനിച്ചുകൊണ്ട്... പ്രണാമം...

Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയായ 19കാരനായ യുവാവിന് മദ്യം നൽകിയ സംഭവത്തിൽ

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

ഡൽഹി: 2022ൽ ഉത്തരാഖണ്ഡിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ച അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൻ്

കിഫ്ബിയിൽ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയിൽ

കിഫ്ബിയിൽ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയിൽ

തിരുവനന്തപുരം: കിഫ്ബി പ്രവർത്തനങ്ങൾ പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയിൽ. റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകി. കിഫ്ബിയിൽ