അറസ്റ്റിലായാൽ പ്രധാനമന്ത്രിയടക്കം പുറത്ത്; നിർണായക ഭരണഘടനാ ഭേദഗതി ബിൽ റിപ്പോർട്ട് ഈ മാസം അംഗീകരിച്ചേക്കും
ഡൽഹി: അറസ്റ്റിലാകുകയോ കസ്റ്റഡിയിൽ കഴിയേണ്ടി വരികയോ ചെയ്താൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദമായ 130-ാമത് ഭരണഘടനാ ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെപിസി) ജൂലൈ 17ന് റിപ്പോർട്ട് അംഗീകരിച്ചേക്കുമെന്ന് സൂചന.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ അല്ലെങ്കിൽ മറ്റ് മന്ത്രിമാർ എന്നിവരെ പദവിയിൽ നിന്ന് സ്വയമേ നീക്കം ചെയ്യണമെന്ന ബില്ലിലെ ഏറ്റവും തർക്കവിഷയമായ നിർദ്ദേശം റിപ്പോർട്ടിൽ നിലനിർത്തിയേക്കുമെന്നാണ് വിവരം. അതേസമയം, രാഷ്ട്രീയ പ്രതികാരത്തിനായി ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള ജാഗ്രതാ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ജൂലൈ 20 ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ പരിഗണനയ്ക്കും പാസാക്കലിനുമായി സമർപ്പിച്ചേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ബിജെപി എംപി അപരാജിത സാരംഗി അധ്യക്ഷയായ 31 അംഗ ജെപിസിയെ ഇത് പരിശോധിക്കാൻ നിയോഗിക്കുകയായിരുന്നു. എന്നാൽ, ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റിയിൽ പ്രതിപക്ഷത്തിന്റെ ആശങ്കകൾക്ക് വിലയുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിലെ ഭൂരിഭാഗം അംഗങ്ങളും ജെപിസി നടപടികൾ ബഹിഷ്കരിച്ചിരുന്നു.
കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുൻപ്, കേവലം കസ്റ്റഡിയിലിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളെ ശിക്ഷിക്കുന്നത് ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതുമാണെന്ന പ്രതിപക്ഷ വാദങ്ങൾ ഭരണപക്ഷ സമിതി അംഗങ്ങൾ തള്ളി. ജാമ്യത്തിനായി അപേക്ഷിക്കാൻ 30 ദിവസത്തെ സമയം ധാരാളമാണെന്നും അതിനാൽ ഇത് സ്വാഭാവിക നീതിയുടെ ലംഘനമാകുന്നില്ലെന്നുമാണ് ഭരണപക്ഷത്തിന്റെ നിലപാട്.
എന്നിരുന്നാലും, നിയമം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനുള്ള പ്രത്യേക വ്യവസ്ഥകൾ കരട് ബില്ലിൽ ചേർക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ സമിതി അംഗങ്ങൾക്കിടയിൽ പൊതുവികാരമുണ്ട്. ഈ നിർദ്ദേശങ്ങൾ സമിതിയുടെ ശുപാർശകളുടെ ഭാഗമാകും. കൂടാതെ, നിയമത്തിന്റെ പരിധി വളരെ വിപുലമാക്കുന്നതിന് പകരം, ഏത് തരത്തിലുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്കാണ് ഈ നിയമം ബാധകമാക്കേണ്ടതെന്ന കാര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സമിതി ശുപാർശ ചെയ്തേക്കും.
അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതിയാകുകയും, അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വരികയും ചെയ്താൽ മന്ത്രിമാരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടനാ (130-ാം ഭേദഗതി) ബിൽ, 2025. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ശുപാർശപ്രകാരം യഥാക്രമം രാഷ്ട്രപതിക്കോ ഗവർണർക്കോ ഇവരെ നീക്കം ചെയ്യാം. അതല്ലെങ്കിൽ കസ്റ്റഡിയിലായി 31-ാം ദിവസം മുതൽ പദവിയിൽ നിന്നുള്ള നീക്കം സ്വയമേ സംഭവിക്കും.