കടലിനടിയില്‍ വിസ്മയ കൊട്ടാരം നിർമിക്കാൻ ദുബൈ ഒരുങ്ങുന്നു. കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്സിലാണ് ലോകത്തെ ആദ്യത്തെ അണ്ടർവാട്ടർ ലക്ഷ്വറി വെസൽ റിസോർട്ട് നിർമിക്കുന്നത്. കരയിൽ നിന്നു നാലുകിലോമീറ്റർ അകലെയാണ് ആഡംബര സൗധം ഒരുക്കുന്നത്.
അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ റിസോർട്ടിൽ 3000 പേര്‍ക്ക് താമസിക്കാം. നാല് ഡെക്കുകളിലായി നിർമിക്കുന്ന റിസോർട്ടിൽ കടൽതട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകൾ, കടലിനടിയിലെ സ്പാ, വിനോദ കേന്ദ്രങ്ങൾ എല്ലാമുണ്ട്. ജലാന്തർഭാഗത്തുള്ള ഡെക്കിലൂടെ കടലിനടിയിലെ കാഴ്ചകൾ കാണാനുള്ള സൗകര്യവുമുണ്ട്. വെനീസിലെ ഗോണ്ടോള വഞ്ചികളാണ് റിസോർട്ടിന് ചുറ്റുപാടുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ക്ലൈയിൻഡീൻസ്റ്റ് ഗ്രൂപ്പാണ് 512 മില്യൺ പൗണ്ട് നിർമാണ ചെലവുള്ള (ഏകദേശം 4354 കോടി) പദ്ധതിയുടെ നിർമാതാക്കൾ. അടുത്തവർഷം നിർമാണം ആരംഭിക്കുന്ന പദ്ധതി 2020ൽ പൂർത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.