അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഈ രണ്ട് നഗരങ്ങള്‍ വെള്ളത്തിനടിയിലാകും; നാസയുടെ മുന്നറിയിപ്പ്

0

ആഗോളതാപനം ഏറിവരുന്ന ഇക്കാലത്ത് ഇന്ത്യയില്‍ ആദ്യം മുങ്ങിത്താഴുന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും മാംഗളൂരുവുമെന്ന് നാസ ഗവേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആഗോള താപനത്തിന്റെ ഭാഗമായി മഞ്ഞുരുകി വെള്ളത്തിനടിയിലാകാന്‍ പോകുന്ന നഗരങ്ങളുടെ പട്ടികയാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നും ആദ്യം മുങ്ങാന്‍ പോകുന്ന സ്ഥലലങ്ങളുടെ പട്ടികയിലാണ് മുംബൈയും മാംഗളൂരു വും ഉള്‍പ്പെടുന്നത്.

ഇതില്‍ തന്നെ മംഗളൂരുവിനാണ് കൂടുതല്‍ സാധ്യതയെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്. നൂറ് വര്‍ഷത്തിനുള്ളില്‍ മംഗളുരുവിലെ സമുദ്ര നിരപ്പ് 15.98 സെന്റീമീറ്ററും, മുംബൈയിലേത് 15.26 സെന്റീമീറ്ററും ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാസ പുതിയതായി വികസിപ്പിച്ച കാലാവസ്ഥാ ഉപകരണമായ ഗ്രേഡിയന്റ് ഫിംഗര്‍ പ്രിന്റ് മാപ്പിംഗിന്റെ (ജിഎഫ്പി) സഹായത്തോടെയാണ് ഈ കണ്ടെത്തല്‍ സാധ്യമായിരിക്കുന്നത്.

സമുദ്ര നിരപ്പിനെ മഞ്ഞുരുകല്‍ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താന്‍ സഹായിക്കുന്നവയാണ് ജിഎഫ്പി. മാംഗളൂരു, മുംബൈ, ആന്ധ്രാപ്രദേശിലെ കാക്കിനട എന്നീ പ്രദേശങ്ങളായിരിക്കും ജിഎഫ്പിയുടെ നിരീക്ഷണ പരിധിയില്‍ വരുന്നത്. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 2050 ഓടെ ഇന്ത്യയിലെ 4 കോടി ജനങ്ങളെ സമുദ്രനിരപ്പ് ഉയരുന്നത് ബാധിക്കും. മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ക്കാണ് ഇത് കൂടുതല്‍ നാശം വിതയ്ക്കുക എന്നും യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹരിതഗൃഹപ്രഭാവം ലോകതാപനില കൂട്ടുകയും സമുദ്രനിരപ്പ് വര്‍ദ്ധിപ്പിച്ച് നഗരങ്ങളെ മുങ്ങിത്താഴലിന് വിധേയമാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദേശീയ സമുദ്രാന്തരീക്ഷ വിഭാഗത്തിന്റെ പഠനങ്ങളും ഇതേ കണ്ടെത്തലിലാണ് എത്തിച്ചേരുന്നത്. ഇതേ രീതി തുടരുകയാണെങ്കില്‍ ഇന്ത്യയില്‍ നിന്ന് 14000 ചതുരശ്ര കരഭാഗം അപ്രത്യക്ഷമാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2050 ഓടേ നാല്‍പ്പത് മില്യണ്‍ വരുന്ന ഇന്ത്യയിലെ ഒരുവിഭാഗം ജനത അഭയാര്‍ത്ഥികളായി തീരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.