146 വിഭാഗങ്ങളില്‍പെട്ട പക്ഷികളുടെ ആവാസസ്ഥാനമായിരുന്നു ഗുവാം ദ്വീപിലെ ജീവജാലങ്ങളെ ഒന്നടങ്കം ഇല്ലാതാക്കിയത് ഈ പാമ്പുകള്‍

0

പാമ്പുകള്‍ വിചാരിച്ചാല്‍ ഒരു സ്ഥലം തന്നെ ഒഴിപ്പിക്കാന്‍ സാധിക്കുമോ ? ഇല്ലെന്നു തീര്‍ത്ത്‌ പറയാന്‍ കഴിയില്ല കാരണം ഈ പ്രതിഭാസത്തിനു ഉദാഹരണമാണ് പസഫിക് ഐലന്‍ഡിലെ ഗുവാം ദ്വീപ്. ഇതൊരു വനപ്രദേശമാണ്. ജപ്പാനും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണിത്.

1940കളില്‍ എങ്ങനെയോ ഈ ദ്വീപിലെത്തപ്പെട്ട ബ്രൗണ്‍ ട്രീ സ്‌നേക്ക് അഥവാ തവിട്ടു നിറമുള്ള മരപ്പാമ്പുകളാണ് ഈകാട്ടിലെ വില്ലന്‍മാര്‍. പക്ഷികളാണ് ഇവയുടെ പ്രധാനഇരകള്‍. കൂടുതല്‍ സമയവും മരങ്ങളില്‍ കഴിച്ചുകൂട്ടുന്ന ഈ പാമ്പുകളുടെ ആദ്യ ഇര പക്ഷികളായിരുന്നു. കാര്യമായ വിഷമുള്ള ഇവയുടെ മറ്റൊരു പ്രത്യേകത അടങ്ങാത്ത വിശപ്പാണ്. പ്രാണികള്‍ മുതല്‍ പക്ഷികള്‍ വരെയുള്ള ഒരു ജീവികളേയും ഇവ വെറുതെ വിടില്ല. എല്ലാത്തിനേയും നിമിഷങ്ങള്‍ക്കകം അകത്താക്കും.

കാലക്രമേണ ദ്വീപിലെ  ജീവജാലങ്ങളെയും ആവാസവ്യവസ്ഥയെയും തന്നെ ഇവ തകര്‍ത്തുകളഞ്ഞു. കൂടാതെ ഇവ വ്യാപകമായി പെറ്റ്പെരുകുകയും ചെയ്തു. ഏതാണ്ട് 20 ലക്ഷത്തോളം പാമ്പുകള്‍ ദ്വീപിലുണ്ടെന്നാണു കണക്കാക്കുന്നത്. അതായത് 544 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ ദ്വീപില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ അയ്യായിരം പാമ്പുകളെ കാണാം. ചുരുക്കിപറഞ്ഞാല്‍ ഈ വനത്തില്‍ പാമ്പുകളില്ലാത്ത ഒരുമരം പോലും അവശേഷിക്കുന്നില്ല.

146 വിഭാഗങ്ങളില്‍പെട്ട പക്ഷികളുടെ ആവാസസ്ഥാനമായിരുന്നു ഗുവാം ദ്വീപ്. എന്നാല്‍ പാമ്പുകള്‍ ദ്വീപില്‍ പെരുകിയതോടെ അവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പല പക്ഷിവര്‍ഗങ്ങളും ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കപ്പെട്ടു. ഇപ്പോള്‍ ഏതാണ്ട് പന്ത്രണ്ടോളം പക്ഷി വിഭാഗങ്ങള്‍ മാത്രമാണ് ഈ വനത്തില്‍ അവശേഷിക്കുന്നത്. അവയില്‍ത്തന്നെ പലതും കടുത്ത വംശനാശ ഭീഷണിയിലാണ്. ഇതില്‍ പ്രത്യേകയിനം പൊന്‍മാനുള്‍പ്പടെ 3 പക്ഷികള്‍ ലോകത്തു മറ്റെവിടെയും കാണപ്പെടാത്തവയാണ്. സസ്തനികളും ഉരഗ വര്‍ഗങ്ങളുമുള്‍പ്പെടെ 596 വിഭാഗത്തില്‍പെട്ട ജീവികളുണ്ടായിരുന്നു ഈ വനത്തില്‍. ഇവയില്‍ പലതും അന്യം നിന്നുപോയി. ബാക്കിയുള്ള ജീവജാലങ്ങള്‍ അതീവ വംശനാശഭീഷണി നേരിടുകയാണ്.