ക്ലിന്‍റ് അഭ്രപാളിയിലേക്ക്

0

കേവലം ഏഴ് വര്‍ഷമാണ് ക്ലിന്റ് എന്ന അത്ഭുതബാലന്‍ ഭൂമിയില്‍ ജീവിച്ചിരുന്നത്. ഒരു വിരുന്നുകാരനെ പോലെ എത്തി വിണ്ണിലേക്ക് തിരികെ പോയപ്പോള്‍ ആ ബാല്യംബാക്കി വച്ചത് മുപ്പതിനായിരത്തോളം ചിത്രങ്ങളാണ്. ഇഴഞ്ഞ് നടക്കുന്ന പ്രായത്തില്‍ തുടങ്ങിയ ചിത്രരചന മരണക്കിടക്കയില്‍ വരെ ക്ലിന്‍റിനൊപ്പം ഉണ്ടായിരുന്നു. ഒരു പക്ഷേ ജീവിച്ചിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു കലാകാരനിലേക്കുള്ള ക്ലിന്‍റിന്‍റെ ദൂരം ഏതാനുചുവടുകള്‍ മാത്രമായേനെ. അത് കൊണ്ടണല്ലോ  മടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ക്ലിന്‍റ് എന്ന അത്ഭുത ബാലന്‍ ഇപ്പോഴും തന്‍റെ വര്‍ണ്ണങ്ങള്‍ കൊണ്ട് കാണികളെ അതിശയിപ്പിച്ച് കൊണ്ടേയിരിക്കുന്നത്.

ഈ ക്ലിന്‍റിന്‍റെ ജീവിതം അഭ്രപാളിയില്‍ വരയ്ക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍. തൃശ്ശൂര്‍ സ്വദേശി അലോകാണ് ക്ലിന്‍റായി വേഷമിടുന്നത്. എണ്ണായിരം അപേക്ഷകരില്‍ നിന്നാണ് ഈ വേഷത്തിലേക്ക് ക്ലിന്‍റ് തെരഞ്ഞെടുക്കപ്പെട്ടത്.
ആലപ്പുഴയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ക്ലിന്‍റിന്റെ മാതാപിതാക്കളായി വേഷമിടുന്നത് ഉണ്ണി മുകുന്ദനും റിമാ കല്ലിങ്കലുമാണ്. സലിം കുമാര്‍, വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, രഞ്ജി പണിക്കര്‍, കെ.പി. എ.സി ലളിത തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മധു അമ്പാട്ടിന്‍റേതാണ് ഛായാഗ്രാഹണം. ഇളയരാജയാണ് പാട്ടുകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഒരു പാട്ട് പാടിയിരിക്കുന്നതും ഇളയരാജയാണ്. ക്ലിന്‍റിന്‍റെ ജീവിതത്തിലെ അവസാനത്തെ ഒന്നരവര്‍ഷമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഹരികുമാറും, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍ കുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും പൂര്‍ത്തിയാക്കിയിരിക്കുന്നത്.