സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം
ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സംവാദത്തിനും ആശയവിനിമയത്തിനും വേദിയൊരുക്കി. “സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും” എന്ന വിഷയത്തിലാണ് ടാഗോറിൽ ഓപ്പൺ ഫോറം ചർച്ചകൾക്ക് തുടക്കമിട്ടത്. *പ്രശസ്ത സംവിധായകൻ സയിദ് മിർസ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവ് കെല്ലി ഫൈഫ് മാർഷൽ, എഫ്‌എഫ്‌എസ്‌ഐ കേരള ജൂറി ചെയർമാനും സംവിധായകനുമായ കെ ഹരിഹരൻ, സംവിധായകൻ ടി വി ചന്ദ്രൻ എന്നിവർ പങ്കെടുത്ത സെഷൻ നിസാം അസഫ് മോഡറേറ്റ് ചെയ്തു. സിനിമ സ്വയം ഒരു ജനാധിപത്യ മാധ്യമമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് ടി വി ചന്ദ്രൻ അഭിപ്രായപ്പെട്ടു. ശരിയായ മണ്ണുണ്ടായാൽ മാത്രമേ ജനാധിപത്യം വളരുകയുള്ളൂ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രാഥമിക വിദ്യാലയങ്ങളാണ് ആ ‘മണ്ണ്’ എന്ന് അദ്ദേഹം സൂചിപ്പിച്ചു. നിർമിത ബുദ്ധിയും സാങ്കേതികവിദ്യയും സിനിമ നിർമ്മാണത്തെ പരിപോഷിപ്പിക്കുമോ അതോ തളർച്ചയ്ക്ക് കാരണമാകുമോ എന്നതിനെക്കുറിച്ചും സെഷനിൽ വാദങ്ങൾ ഉയർന്നു. സിനിമയിൽ ശബ്ദം വന്നപ്പോഴും കളർ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും ഇതേ ആശങ്ക ഉണ്ടായിരുന്നെന്നും നിർമിതി ബുദ്ധി സിനിമയുടെ വളർച്ചയ്ക്ക് സഹായകരമാകുമെന്നും സയിദ് മിർസ അഭിപ്രായപ്പെട്ടു.