അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസിയടക്കം 19 പേര്‍ക്ക് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം. ബാസ്‌കറ്റ് ബോള്‍ ഇതിഹാസം മാജിക് ജോണ്‍സണ്‍ ആണ് ബഹുമതിക്ക് അര്‍ഹരായവരില്‍ മറ്റൊരു താരം. ശനിയാഴ്ച്ച രാവിലെ വൈറ്റ് ഹൗസ് ആണ് അവാര്‍ഡുകള്‍ സംബന്ധിച്ച കാര്യം പുറത്തുവിട്ടത്. പ്രസിഡന്റ് ജോ ബൈഡനില്‍ ബഹുമതികള്‍ താരങ്ങള്‍ ഏറ്റുവാങ്ങും. അമേരിക്കയുടെ അഭിവൃദ്ധി, മൂല്യങ്ങള്‍, സുരക്ഷ, ലോകസമാധാനം, മറ്റു സുപ്രധാന സാമൂഹിക മുന്നേറ്റങ്ങള്‍ക്കും സ്വകാര്യ ഉദ്യമങ്ങള്‍ക്കും മാതൃകാപരമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് ബഹുമതികള്‍ നല്‍കി വരുന്നത്. പ്രസിഡന്റ് ബൈഡന്റെ തീരുമാനപ്രകാരമാണ് അമേരിക്കന്‍ ലീഗ് മേജര്‍ സോക്കറിലെ ഇന്റര്‍ മിയാമി താരം മെസിക്ക് ബഹുമതി നല്‍കുന്നത്.
അര്‍ജന്റീനയുടെ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ 37 കാരനായ അദ്ദേഹം ഇന്റര്‍ മിയാമിക്കായി 39 മത്സരങ്ങള്‍ കളിച്ചതും കഴിഞ്ഞ വേനല്‍ക്കാലത്ത് അമേരിക്കന്‍ മണ്ണില്‍ കോപ്പ അമേരിക്ക കിരീടം നേടിയതുമടക്കം ബഹുമതിക്കായി പരിഗണിച്ചിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൈഗര്‍ വുഡ്‌സ്, മേഗന്‍ റാപിനോ, ഒളിമ്പിക് ഹീറോകളായ സിമോണ്‍ ബൈല്‍സ്, കാറ്റി ലെഡെക്കി എന്നിവരാണ് സമീപ വര്‍ഷങ്ങളില്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ച മറ്റ് കായിക താരങ്ങള്‍. 1968ല്‍ കൊല്ലപ്പെട്ട മുന്‍ യുഎസ് അറ്റോര്‍ണി ജനറലും സെനറ്ററുമായ റോബര്‍ട്ട് എഫ് കെന്നഡിയെ മരണാനന്തര ബഹുമതിയായി ബൈഡന്‍ ആദരിക്കും.