അത്രയധികം സുന്ദരവും അതുപോലെ തന്നെ നൊമ്പരവുമാണ് ഈ മായാനദി

0

ഒരിക്കലും തിരിച്ചു കിട്ടാത്തൊരു പ്രണയം. അതിന്റെ ചൂടില്‍ ഒരുകി ഒലിക്കുമ്പോഴും തന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കൂടി ജീവിക്കുന്നൊരു പെണ്‍കുട്ടി. ജീവിതത്തില്‍ ഒറ്റപെട്ട് പോയൊരുവന്‍, അവനു പ്രതീക്ഷിക്കാന്‍, അന്തമായി  സ്നേഹിക്കാന്‍ ആകെയുള്ളത് അവള്‍ മാത്രം. ഈ രണ്ടു പ്രണയങ്ങളുടെയും ഒഴുക്കാണ് ഈ മായാനദി.

മാത്തന്റെയും അപ്പുവിന്റേയും പ്രണയമാണ് മായാനദി. പ്രണയം എന്താണ് ചിലര്‍ക്ക് അത് ഒരു കൂട്ട് ആണ്… ചിലര്‍ക്ക് ഒന്നിച്ചു ഒരു നടത്തം ആണ് അല്ലെങ്കില്‍ ആത്മവിശ്വാസം പകരുന്ന വാക്കുകളാണ് അതുമല്ലെങ്കില്‍ മാംസ നിബിഡമാണ്. നമ്മള്‍ കണ്ടു മടുത്ത പ്രണയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മായാനദി.. അപ്പുവിന്റെയും മാത്തന്റെയും പ്രതീക്ഷകളും ഒരിക്കലും തിരിച്ചുവരാത്ത പ്രണയവുമാണ് മായാനദി.

എവിടെ നിന്ന് തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ അറിയാത്ത വിധം സിനിമയുടെ കൂടെ ഒഴുകുന്ന റെക്സ് വിജയന്റെ സംഗീതവും, മികച്ച എഡിറ്റിംഗും,  ജയേഷ് മോഹന്റെ ക്യാമറയുമെല്ലാം മായാനദിയെ മികവുറ്റതാക്കുന്നുണ്ട്. ഒപ്പം തന്നെ ശ്യാം പുഷ്കരന്റെയും ദിലീഷിന്റേയും തിരക്കഥ, ഒരു ഇമോഷണൽ ഡ്രാമയെ ഇത്രയും മനോഹരമായി എടുത്ത സംവിധായകന്‍ എല്ലാവരും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

ഇന്നത്തെ കാലത്തെ പെണ്‍കുട്ടിയാണ് അപ്പു. എല്ലാ പെണ്‍കുട്ടികളിലും ഒരു അപ്പുവുണ്ട്. ഒരേസമയം അവള്‍ അവളുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നു, അതേസമയം തന്നെ ഉള്ളില്‍ അവള്‍ മാത്തനെ പ്രണയിക്കുന്നു. മാത്തനെക്കാള്‍ റിയലിസ്ടിക് ആണ് അപ്പു. ജീവിതത്തെ അലസനായി കാണുന്നവനാണ് അവന്‍.

ഐശ്വര്യ ലക്ഷ്മിയാണ് മായാനദിയിലെ താരം. ടോവിനോ ചിത്രത്തില്‍ മാത്തനായി ജീവിക്കുന്നു. ചില ചെറിയ ചെറിയ സംഭാഷണശകലങ്ങളാണ് മായാനദിയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. പ്രണയത്തില്‍ സെക്സിനും പങ്കുണ്ട് എന്ന് തുറന്നു പറയാന്‍  ഈ സിനിമ

കാട്ടുന്ന ധൈര്യം എടുത്തു പറയണം. ‘sex is not a promise’  എന്ന് കാമുകന്റെ മുഖത്തു നോക്കി പറയുന്ന നായികയെ നമ്മള്‍ ആദ്യമായാകും കാണുക. പുരുഷന്റെ പിന്നില്‍ ഒളിക്കുന്ന നായികമാരെ കണ്ടു പരിചയിച്ച മലയാളികള്‍ക്ക് നെറ്റി ചുളിക്കാന്‍ അപ്പുവിന്റെ ആ ഒരൊറ്റ ഡയലോഗ് കൊണ്ട് സാധിക്കും.

ഒരല്‍പം കണ്ണുനീരോടെ അല്ലാതെ നമ്മുക്ക് തീയേറ്ററില്‍ നിന്നും ഇറങ്ങാന്‍ സാധിക്കില്ല കാരണം അത്രയും വിങ്ങല്‍ ആണ് മാത്തന്‍. തെറ്റുകള്‍ തിരുത്താന്‍ അവനു കഴിയുന്നില്ല. എന്നാല്‍ അപ്പുവിന്റെ ആ കാത്തിരിപ്പ്, ഒടുവില്‍ അവള്‍ കേള്‍ക്കുന്ന ആ പിന്‍വിളി അത് ചങ്കില്‍ തറയ്ക്കും.തീര്‍ച്ച.  ‘അവന്‍ പൂച്ചയെ പോലെ ആണ്’ എന്ന് അപ്പു പറയുമ്പോള്‍ അവള്‍ പ്രതീക്ഷിക്കുന്നുണ്ട് അവന്റെ വരവ്, അവന്റെ പ്രണയം. ‘പയ്യനാ….വിശ്വസിക്കാന്‍ ആയിട്ടില്ല’ എന്ന ഉത്തരത്തിലും അവസാന നിമിഷത്തില്‍ പോലും അപ്പുവിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന മാത്തനെ നമുക്ക് കാണാം. തീര്‍ച്ചയായും മായാനദി കൂടുതൽ പ്രേക്ഷകരെ അർഹിക്കുന്നുണ്ട്. അല്ല, അതൊരു നിറഞ്ഞ സദസ്സിനെ തന്നെ അർഹിക്കുന്നുണ്ട്..ഒഴുകണം ഈ മായാനദി…