നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആഷിക്ക് അബുവിന്റെ മായാനദി ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയാണെന്നതും അധികം ആര്‍ക്കും അറിയാത്ത സംഭവമാണ്. സംവിധായകന്‍ അമല്‍ നീരദാണ് ചിത്രത്തിന്റെ ത്രെഡ് ആഷിഖ് അബുവിനോട് പറഞ്ഞത്. പിന്നീട് ഇത് ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥയാക്കുകയായിരുന്നു.
ഇതൊരു റിയല്‍ ലൈഫ് ഇന്‍സിഡന്റിനെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നായിരുന്നു അമല്‍ നീരദ് ആഷിക്കിനോടും സംഘത്തോടും പറഞ്ഞത്. ഇതിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദ് പറയുന്നത് ഇങ്ങനെ:
‘അഞ്ചു സുന്ദരികളിലെ ഒരു കഥ എന്ന നിലയ്ക്കായിരുന്നു ഞാനിത് ആദ്യം പ്ലാന്‍ ചെയ്തത്. ഞാന്‍ കേട്ടിട്ടുള്ള ഒരു യഥാര്‍ത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ഈ കഥ. പിന്നീട് ഞാനത് ഹോള്‍ഡ് ചെയ്യുകയും കുള്ളന്റെ ഭാര്യയുമായി മുന്നോട്ടു പോകുകയും ചെയ്തു.’
‘ഈ കഥ ഞാന്‍ ആഷിക്കുമായി പങ്കുവെച്ചു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും സംവിധാനം ചെയ്യാമെന്ന് ഏല്‍ക്കുകയുമായിരുന്നു. ശ്യാമും ദിലീഷും ചേര്‍ന്ന് തിരക്കഥാ രചനയിലാണ്’. അമല്‍ നീരദ് പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
എന്തായാലും സിനിമയെ മലയാളം ഏറ്റെടുത്തു കഴിഞ്ഞു. മാത്തന്റെയും അപ്പുവിന്റെയും പ്രണയവും വിരഹവുമെല്ലാം പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്.