മെഡിക്കൽ വിദ്യാർഥികൾക്ക് ആശ്വാസം; എംബിബിഎസ് ഫീസ് ഇനി നാലര വർഷത്തേക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.
കോഴ്‌സിന്റെ യഥാര്‍ത്ഥ കാലയളവായ നാലര വര്‍ഷത്തെ ഫീസ് മാത്രം ഈടാക്കുന്ന തരത്തിൽ, ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന പുതുക്കി നിശ്ചയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2024-ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ടപ്രകാരം എംബിബിഎസ് കോഴ്‌സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്.
എന്നാല്‍ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ അഞ്ച് വര്‍ഷത്തെ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നതായാണ് ആക്ഷേപം ഉയര്‍ന്നത്.
പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് ഈടാക്കൽ രീതിയിലും മാറ്റമുണ്ടാകും. ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതുക്കി നിശ്ചയിക്കുന്ന നിരക്ക് അനുസരിച്ച് മാത്രമേ കോളേജുകൾക്ക് ട്യൂഷൻ ഫീസ് ഈടാക്കാൻ കഴിയൂ.
ദേശീയ മെഡിക്കൽ കമ്മീഷന്റെ ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നതിലൂടെ വിദ്യാർഥികൾക്ക് അനാവശ്യമായ സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ഫീസ് സംബന്ധിച്ച പരാതികൾക്ക് പരിഹാരമാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.